ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ആഡംബരമല്ലാത്ത ഒന്നിന്റെയും വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. 2019ലെ അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തേസുവിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥി കാരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് ശരിവെച്ചാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ കാരിഖോ ക്രിയുടെ ഭാര്യയുടെയും മകൻ്റെയും ഉടമസ്ഥതയിലുള്ള മൂന്ന് വാഹനങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഹരജിയിൽ പരാജയപ്പെട്ട സ്ഥാനാർഥിയുടെ വാദം. കാരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് ഗുവാഹത്തി ഹൈകോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കാരിഖോ ക്രി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഗുവാഹത്തി ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, സ്ഥാനാർഥിയുടെ എല്ലാ സ്വത്തുക്കളെക്കുറിച്ചും അറിയാൻ ജനങ്ങൾക്ക് പൂർണ അധികാരമില്ലെന്ന് നിരീക്ഷിച്ചു. സ്ഥാനാർഥിക്ക് സ്വകാര്യതക്കുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.