കോഴിക്കോട്: ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. ചന്ദ്രനിൽ മനുഷ്യനെ അയക്കും എന്നാണ് ബിജെപിയുടെ പ്രകടന പത്രിക. രണ്ടു ഉദ്യോഗസ്ഥരെയാണ് പ്രകടന പത്രിക തയ്യാറാക്കാൻ ബിജെപി ഏൽപ്പിച്ചതെന്നും രാഹുൽ ഗാന്ധി കോഴിക്കോട്ട് പറഞ്ഞു. കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി. ഓക്സിജൻ ഇല്ലാതെ ജനം മരിക്കുമ്പോൾ കൈകൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ജോലി ഇല്ല എന്ന് പറഞ്ഞപ്പോൾ പക്കാവട ഉണ്ടാക്കാൻ പറഞ്ഞയാളാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുൻപ് മോദി സമുദ്രത്തിൽ പോയിരുന്നു. മോദി ഒരിക്കൽ കൂടി സമുദ്രത്തിന്റെ അടിയിൽ പോകും. അവിടെ വെച്ച് പ്രകടന പത്രിക പ്രഖ്യാപിക്കും. അവിടെ ചെന്നിട്ട് പറയും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ പോകുകയാണെന്ന്. ഒരിയ്ക്കൽ അദ്ദേഹവും ചന്ദ്രനിൽ പോയെന്നിരിക്കാം. എന്നിട്ട് പറയും കണ്ടോ ഞാൻ ചന്ദ്രനിൽ പോകുമെന്ന് പറഞ്ഞിരുന്നില്ലേ എന്ന്. ഇതൊക്കെയാണ് കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വൈവിധ്യങ്ങളുടെ ശക്തി ലോകത്തിനു കാണിച്ചു കൊടുത്ത രാജ്യമാണ് ഇന്ത്യ. ഭരണഘടന ഒരു പുസ്തകമല്ല. ഓരോ പൗരനോടുമുള്ള പ്രതിബദ്ധതയാണ് ഭാരണഘടന. ഈ ഭരണഘടന മാറ്റുമെന്നു ബിജെപി എംപിമാർ പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിന്റെ പ്രകടന പത്രിക ജനങ്ങളുടെ പ്രകടന പത്രികയാണെന്നും രാഹുൽ പറഞ്ഞു. സ്ത്രീകൾ ചെയ്യുന്ന ഇരട്ടി ജോലിക്ക് വേണ്ട നഷ്ടപരിഹാരം പ്രഖ്യാപിക്കും. ദാരിദ്ര്യരേഖക്കു കീഴിലുള്ള കുടുംബത്തിലെ ഒരു സ്ത്രീയെ തെരഞ്ഞെടുത്തു അവരുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതി കൊണ്ടുവരും. സ്ത്രീകൾക്കു 50%സംവരണം ജോലിയിൽ ഉറപ്പ് വരുത്തുമെന്നും അംഗനവാടി ജീവനക്കാരുടെ വേതനം ഇരട്ടിയാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അഗ്നിവീർ പദ്ധതിയിലൂടെ തൊഴിൽ നഷ്ടപ്പെടുത്തുകയാണ് മോദി ചെയ്തത്. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അഗ്നിവീർ നിർത്തലാക്കും. പഴയ രീതിയിൽ ഉള്ള പ്രവേശനം നടത്തും. ജിഎസ്ടി ലളിതമാക്കും. 30ലക്ഷം ഒഴിവുകൾ കേന്ദ്രം നികത്തിയിട്ടില്ല. ഇത് നൽകുമെന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകുന്നത്. കരാർ നിയമനം ആണ് അധികവും ഇപ്പോൾ സർക്കാർ നൽകുന്നത്. തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ഇല്ല. കരാർ ജോലിക്ക് പകരം സ്ഥിരം നിയമനങ്ങൾ നൽകുമെന്നും ഇന്ത്യയിൽ ഒളിമ്പിക്സ് കൊണ്ടു വരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.