കൊച്ചി : എക്‌സൈസിനെ വിവാദത്തിലാക്കിയ കാക്കനാട് ലഹരി മരുന്നു കേസില്‍ ക്രൈംബ്രാഞ്ച് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. ഇവരില്‍ 19 പേരെ മാത്രമാണ് അന്വേഷണ സംഘത്തിനു പിടികൂടാനായത്. ഇവര്‍ക്കെതിരായ കുറ്റപത്രമാണ് ഇന്നു സമര്‍പ്പിക്കുക. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആഡംബര കാറില്‍ യുവതികള്‍ ഉള്‍പ്പെടുന്ന സംഘം ആക്രമണകാരികളായ വളര്‍ത്തു നായ്ക്കളുമായി സംസ്ഥാനത്തേക്ക് കോടികളുടെ ലഹരിമരുന്ന് എത്തിച്ച കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മുഹമ്മദ് ഫവാസ് ആണ് കേസിലെ ഒന്നാം പ്രതി. മൂന്നു പേര്‍ വിദേശത്തേക്കു കടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. ബിലാല്‍ ലിത് ലജ് , ഷാരുഖ് സഹല്‍, മുഹമ്മദ് ഫൈസല്‍ ഫവാസ് എന്നിവരാണ് വിദേശത്തേക്ക് കടന്നത്. ഇവര്‍ക്കായി എമിഗ്രേഷന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
നാലു കോടിയോളം രൂപയുടെ എംഡിഎംഎ വില്‍പനയ്‌ക്കെത്തിച്ചെന്ന കേസിലാണ് കുറ്റപത്രം തയാറായിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ഷംസുദ്ദീന്‍ സേട്ട് എന്നയാളില്‍ നിന്നാണ് പ്രതികള്‍ രാസ ലഹരി മരുന്നു വാങ്ങിയത് എന്നു കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തവരും വിതരണത്തിനു സാഹയിച്ചവരും പ്രതിപ്പട്ടികയിലുണ്ട്.