മുംബൈ: മഹാരാഷ്ട്രയിലെ നാന്ദഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ‘ഷെഹ്സാദ’ വയനാട്ടിൽ പ്രതിസന്ധി നേരിടുകയാണെന്നും ഷെഹ്സാദയും സംഘവും വയനാട്ടിലെ വോട്ടെടുപ്പ് കഴിയാൻ കാത്തുനിൽക്കുകയാണെന്നും അതുകഴിഞ്ഞാൽ അമേത്തിയിൽനിന്ന് മുങ്ങിയത് പോലെ വയനാട്ടിൽനിന്നും മുങ്ങുമെന്നും മോദി പരിഹസിച്ചു.
താൻപോലും ഉപയോഗിക്കാത്ത ശക്തമായ വാക്കുകളാലാണ് രാഹുലിനെ കേരള മുഖ്യമന്ത്രി വിമർശിച്ചതെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പേ കോൺഗ്രസ് പരാജയം സമ്മതിച്ചു. മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രതിപക്ഷ നേതാക്കൾ ഇപ്പോൾ രാജ്യസഭയാണ് ആഗ്രഹിക്കുന്നത്. ഇൻഡ്യ സഖ്യത്തിന് സ്ഥാനാർഥികളെ കണ്ടെത്താൻപോലും കഴിയുന്നില്ല. 25 ശതമാനം സീറ്റുകളിൽ അവർ പരസ്പരം പോരാടുന്നു. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇവരെ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ- മോദി ചോദിച്ചു. ഓരോ വീടുകളും സന്ദർശിച്ച് തന്റെ അഭിവാദ്യം അവരെ അറിയിക്കണമെന്ന് മോദി സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടു.