ഇടുക്കി: ഇടുക്കി തന്നിമൂട്ടിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. തന്നിമൂട് ബൂത്തിന് സമീപം വീട്ടിൽ വച്ച് എൽഡിഎഫ് പ്രവർത്തകർ സ്ലിപ്പ് വിതരണം നടത്തിയെന്ന് ആരോപിച്ചാണ് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. യുഡിഎഫ് പ്രവർത്തകനെ എല്‍ഡിഎഫ് പ്രവർത്തകർ മർദ്ദിച്ചെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു. സ്ലിപ്പ് നൽകുന്ന വിവരം യുഡിഎഫ് പ്രതിനിധി പ്രിസൈഡിങ് ഓഫീസറെ അറിയിച്ചിരുന്നു. എന്നാൽ വീട്ടിൽ നേരത്തെ തന്നെ എത്തിച്ചു നൽകിയിരുന്ന ഒരു സ്ലിപ്പ് വാങ്ങി വോട്ട് ചെയ്യാൻ പോവുക മാത്രമാണ് ചെയ്തതെന്നും അതല്ലാതെ വീട്ടിൽ സ്ലിപ്പ് വിതരണം ചെയ്തിട്ടില്ലെന്നും എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു.
ബൂത്ത് ഏജന്റായിരുന്ന ആൾക്കെതിരെയാണ് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇതിന് തൊട്ടുപിന്നാലെ കോൺഗ്രസും പ്രതിഷേധം അറിയിച്ചെത്തി. യുഡിഎഫ് പ്രവർത്തകനെ മർദ്ധിച്ചവർക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് ഇരു പാർട്ടി പ്രവർത്തകരും പിരിഞ്ഞു പോവുകയായിരുന്നു. എന്നാൽ പ്രകോപനം സൃഷ്ടിച്ചത് യുഡിഎഫ് എന്നാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്. വാഹനത്തിൽ വച്ച് പ്രവർത്തകനെ മർദ്ദിച്ചതിന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.