ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും; ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ
ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ. ചെങ്കടൽ വഴിയും ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയും ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ് സയ്യിദ് അബ്ദുൽ മാലിക് അൽ ഹൂതി മുന്നറിയിപ്പ് നൽകി.
ഫലസ്തീൻ ജനതക്കുള്ള തങ്ങളുടെ പിന്തുണ ഇനിയും തുടരും. നവംബർ മുതൽ ഇസ്രായേൽ, അമേരിക്ക, യു.കെ എന്നിവയുമായി ബന്ധമുള്ള 102 കപ്പലുകളാണ് ലക്ഷ്യമിട്ടത്. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു. അറബിക്കടലിലെയും ചെങ്കടലിലെയും കപ്പൽ പാതകൾ സംരക്ഷിക്കാൻ ആരംഭിച്ച അമേരിക്കൻ-ബ്രിട്ടീഷ് ദൗത്യം പരാജയപ്പെട്ടുവെന്നും അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.