ചെന്നൈ : അനധികൃത മണല്‍ ഖനനക്കേസില്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഇന്ന് നിര്‍ണായക ദിനം. ബിഷപ്പ് പ്രതിയായ മണല്‍ കടത്ത് കേസില്‍ പ്രതിഭാഗം നല്‍കിയ അപ്പീല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. കഴിഞ്ഞ ദിവസമാണ് തിരുനെല്‍വേലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബിഷപ്പ് അടക്കം ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അനധികൃത മണല്‍ ഖനനക്കേസില്‍ കഴിഞ്ഞ ദിവസം മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനല്‍വേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള കേസില്‍ അന്വേഷണം നടന്നുവരികയായിരുന്നു. നാല്‍പ്പത് വര്‍ഷത്തിലേറെയായി സഭയുടെ ഉടമസ്ഥതയില്‍ 300 ഏക്കര്‍ സ്ഥലം ഇവിടെയുണ്ട്. ഈ സ്ഥലം കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് എന്നയാള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഇവിടെ ക്രഷര്‍ യൂണിറ്റിനും കരിമണല്‍ ഖനനത്തിനും അനുമതി നേടിയ മാനുവല്‍ ജോര്‍ജ് താമരഭരണി നദിയില്‍ നിന്ന് 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്ന് സബ് കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്ഥലത്തിന്റെ ഉടമകള്‍ക്ക് 9.57 കോടി രൂപ ചുമത്തുകയും ചെയ്തു. എന്നാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം പാതിയില്‍ നിലച്ചു.
നാട്ടുകാരുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും പരാതിയെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വര്‍ഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ചോദ്യം ചെയ്യാന്‍ തിരുനെല്‍വേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്തയാളാണ് നിയമ വിരുദ്ധ ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാര്‍ത്താക്കുറപ്പിലൂടെ അറിയിച്ചിരുന്നു. ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെന്ന നിലയിലാണ് നടപടി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി സഭാ അധികാരികള്‍ക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാനുവല്‍ ജോര്‍ജിനെതിരെ നിയമ നടപടി തുടങ്ങിയെന്നും സഭ അറിയിച്ചു.