കണ്ണൂർ: കള്ളക്കടല്‍ പ്രതിഭാസത്തോടനുബന്ധിച്ച് ജില്ലയിൽ ജാഗ്രത നിർദേശം. 28, 29 തീയതികളിൽ കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും വടക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിനാണ് സാധ്യത. ഞായറാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ വിനോദ സഞ്ചാരികളെത്തുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചൂട്ടാട് എന്നിവിടങ്ങളിൽ എത്തുന്ന സഞ്ചാരികളും ജാഗ്രത പാലിക്കണം. ഇതുസംബന്ധിച്ച് ഡി.ടി.പി.സിക്ക് ജാഗ്രത നിർദേശം ദുരന്തനിവാരണ അതോറിറ്റി കൈമാറി.അവധി ദിനമായതിനാൽ വൈകുന്നേരങ്ങളിൽ നിരവധി പേരാണ് കുടുംബസമേതം ബീച്ചുകളിലേക്ക് എത്തുന്നത്. ശക്തിയായ കടലാക്രമണമുണ്ടെങ്കിൽ ബീച്ചിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണം.തലശ്ശേരി, കണ്ണൂർ, മാടായി, പയ്യന്നൂർ എന്നിവിടങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം മാറിത്താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മല്‍സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും നിർദേശിച്ചു.