ന്യൂഡൽഹി: ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചുകൊണ്ട് എത്രകാലം ഭരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ എ. രേവന്ത് റെഡ്ഡി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ഡൽഹി പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയോട് രേവന്ത് റെഡ്ഡിയുടെ ചോദ്യം. സമൻസ് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ എല്ലാ മീറ്റിങ്ങുകളും കൂടിക്കാഴ്ചകളും നിർത്തി ഡൽഹി കോടതിയിൽ ഹാജരാകാൻ അവർ ആവശ്യപ്പെടുന്നതായും രേവന്ത് റെഡ്ഡി പറഞ്ഞു. ഗുജറാത്തിൽ നിന്ന് തെലങ്കാനയിൽ വന്ന് ഭീഷണിപ്പെടുത്താമെന്ന് കരുതുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി അതിന് ധൈര്യപ്പെടരുതെന്നും തെലങ്കാന തന്‍റെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്താൻ ശ്രമിച്ചാലും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രേവന്ത് റെഡ്ഡിയുടെ അഭിഭാഷക ഡൽഹി പൊലീസിന് മുന്നിൽ ഹാജരായിരുന്നു. വിഡിയോ ഷെയർ ചെയ്ത ഹാൻഡിൽ രേവന്ത് റെഡ്ഡിയുടേതല്ലെന്ന് അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‍ലിം സംവരണം റദ്ദാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന എല്ലാ തരം സംവരണവും റദ്ദാക്കുമെന്നാക്കി പ്രചരിക്കുന്ന വ്യാജ വിഡിയോയുമായി ബന്ധപ്പെട്ടാണ് ഹാജരാകാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസ് നോട്ടീസ് നൽകിയത്. വിഡിയോ പോസ്റ്റ് ചെയ്ത മൊബൈൽ ഫോണുമായി രേവന്ത് റെഡ്ഡി ഹാജരാകണമെന്നായിരുന്നു നിർദേശം.