ഗാന്ധിനഗർ: ഡൽഹിയിലേതിന് സമാനമായി ഗുജറാത്തിലെ നിരവധി സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഇ-മെയിൽ. സംഭവം വിദ്യാർഥികളിലും രക്ഷിതാക്കളിലും ജീവനക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചു. പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും സ്കൂളിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഡൽഹി-എൻ.സി.ആറിലെ നൂറിലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി മെയിലുകൾ ലഭിച്ച റഷ്യൻ ഡൊമെയ്ൻ ‘mail.ru’-ൽ നിന്നാണ് ഗുജറാത്തിലെ സ്കൂളുകൾക്കും ഭീഷണി ഇ-മെയിലുകൾ വന്നത്.
ഡൽഹിയിലെ 130 ഓളം സ്‌കൂളുകൾക്ക് ബുധനാഴ്ച രാവിലെയായിരുന്നു ബോംബ് ഭീഷണി ഇ-മെയിലുകൾ ലഭിച്ചിരുന്നത്. തുടർന്ന് വിദ്യാർഥികളെയും അധ്യാപകരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിക്കുകയും സ്കൂളുകളിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. റഷ്യയിൽ നിന്ന് വന്ന ഇത്തരം ഇ-മെയിലുകളുടെ ഡൊമെയ്ൻ ഡാർക്ക് വെബിൻ്റെ സഹായത്തോടെ രൂപീകരിച്ചതാണെന്നാണ് ഡൽഹി പൊലീസിൻ്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെലിന്റെ റിപ്പോർട്ട്.