തിരുവനന്തപുരം : കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കുമ്പോള്‍ നിലവിലെ അധ്യാപന രീതിയില്‍ മാറ്റമുണ്ടാകില്ല. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ മാത്രം ക്ലാസില്‍ നേരിട്ടെത്തുന്ന തരത്തില്‍ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം ഡിജിറ്റല്‍- ഓണ്‍ലൈന്‍ ക്ലാസുകളും ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്. ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമാകും തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
ഇന്ന് ഉന്നതതലയോഗം ചേര്‍ന്ന ശേഷം, ചൊവ്വാഴ്ച്ച അധ്യാപകസംഘടനകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മുഴുവന്‍ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമേ മുഴുവന്‍ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഫോക്കസ് ഏരിയയെ വിമര്‍ശിച്ച അധ്യാപകര്‍ക്കെതിരായ വിവാദ നടപടി നീക്കത്തിലും മന്ത്രി വിശദീകരണം നടത്തി. കാരണം കാണിക്കല്‍ നോട്ടീസ് മാത്രമാണ് നല്‍കിയതെന്നും, വിശദീകരണം ചോദിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്. വിവാദമായ ഫോക്കസ് ഏരിയയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കണ്ണൂരിലെ അധ്യാപക സംംഘടനാ പ്രവര്ത്തകന് പി പ്രേമചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസയച്ചത് വിവാദമായിരുന്നു. സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചതിന്റെ പേരിലുള്ള നടപടി നീക്കം ഇടതനുകൂല സംഘടനകളില്‍ത്തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.