തിരുവല്ല > സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം രോഗം പടർന്നതെന്നാണ് അധികൃതരുടെ നിഗമനം. ചെറിയ താറാവുകൾ കൂട്ടത്തോടെ ചാവുന്നത് കണ്ടതോടെയാണ് മഞ്ഞാടിയിലെ പക്ഷി ഗവേഷണത്തിൽ പരിശോധനയ്‌ക്കെത്തിച്ചത്. ഇവിടെ നിന്നാണ് സാംപിൾ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കും. 2500 വലിയ താറാവുകളും 1500 ചെറിയ താറാവുകളും കേന്ദ്രത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും. പ്രാഥമിക പ്രതിരോധ നടപടികൾ ആരംഭിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ താറാവ് കൃഷി നടക്കുന്ന ഇടങ്ങളിൽ ഒന്നാണ് അപ്പർകുട്ടനാട്.
പഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നിരണത്തെ താറാവ് കർഷകർ. കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിരവധി താറാവ് കർഷകരുണ്ട്. പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരുമെന്നതാണ് കർഷകർ ആശങ്കപ്പെടുന്നത്. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള വീടുകളിലെ കോഴി, താറാവ് കർഷകരുടെ പേര് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വാർഡ് അംഗം ബിനീഷ് കുമാറിന്റെ നേതൃത്വത്തിൽ വാർഡ് തല സമിതി വിളിച്ചുകൂട്ടി വാർഡിൽ മുൻകരുതലുകൾ സ്വീകരിച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. എച്ച് അഞ്ച് – എൻ എട്ട് എന്ന വൈറസ് ആണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് മനുഷ്യരിലേക്കും പകരാൻ സാധ്യത ഉള്ളതിനാലാണ് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ ദയാവധം നടത്തുന്നത്.