ചെറുതോണി : ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിൽ പുതിയ അംഗമായി ഏഞ്ചൽ എന്ന കഡാവർ പോലീസ്‌നായ എത്തി. 15 അടിവരെ ആഴത്തിൽ മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്ന മൃതദേഹങ്ങളുടെ സാന്നിധ്യം മണത്തറിയാൻ പരിശീലനം ലഭിച്ച നായയാണ് ഏഞ്ചൽ. ജില്ലയിലെ ആദ്യത്തെയും സംസ്ഥാന പോലീസിലെ മൂന്നാമത്തെയും കഡാവർ നായയാണ് ഇത്. തൃശ്ശൂർ പോലീസ് അക്കാദമിയിൽ പരിശീലനത്തിനുശേഷം വെള്ളിയാഴ്ചയാണ് ഏഞ്ചൽ ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിന്റെ ഭാഗമായത്. ബെൽജിയം മലിനോയ്സ് ഇനത്തിൽപ്പെട്ട നായയാണ് ഏഞ്ചൽ. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ കാണാതായ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ, മൃതദേഹം ഉണ്ടെന്ന് സംശയിക്കുന്ന സന്ദർഭങ്ങളിൽ ഇനി ഏഞ്ചലിന്റെ സേവനം ലഭ്യമാകും. അഴുകിയ മനുഷ്യാവശിഷ്ടങ്ങളുടെ മണം പിടിക്കാൻ പ്രത്യേകപരിശീലനം ലഭിച്ച നായയാണ് ഏഞ്ചൽ. അസാധാരണമായ ബുദ്ധിശക്തിയും ശക്തമായ ട്രാക്കിങ്ങ് കഴിവുകളുമുള്ള ഏഞ്ചൽ, ദുർഘടമായ വഴിയിലൂടെയും ഉയരമുള്ള സ്ഥലങ്ങളിലേക്കും സഞ്ചരിക്കാൻ കഴിവുള്ള പോലീസ്‌നായയാണ്.
പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ മൃതദേഹങ്ങൾ കണ്ടുപിടിക്കാനായി സമീപജില്ലയിൽനിന്നായിരുന്നു കഡാവർ നായയെ കൊണ്ടുവന്നത്. മയക്കുമരുന്നുകൾ, മണ്ണിനടിയിലെ ജീവനുള്ള മനുഷ്യസാന്നിധ്യം, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനായി പരിശീലനം സിദ്ധിച്ച ഏഴ് പോലീസ്‌നായകൾക്ക് പുറമേയാണ് ഏഞ്ചൽ എന്ന കഡാവർ നായ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ ഭാഗമായത്. ഇടുക്കി ജില്ലാ നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജി.ലാലിന്റെ നേതൃത്വത്തിൽ ഓഫീസർ ഇൻ ചാർജ് സബ് ഇൻസ്പെക്ടർ റോയി തോമസ്, സിവിൽ പോലീസ് ഓഫീസർമാർ ജിജോ ടി.ജോൺ, അഖിൽ ടി. എന്നിവർക്കാണ് ഏഞ്ചലിന്റെ ചുമതല.