തിരുവനന്തപുരം : സംസ്ഥാനത്ത സ്കൂളുകളിൽ ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 21-ാം തിയതി മുതൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്താനുള്ള ക്രമീകരണമാണ് ഏർപ്പാടാക്കിയിട്ടുള്ളത്. രാവിലെ മുതൽ മുതൽ വൈകുന്നേരം വരെ ക്ലാസുണ്ടാകും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28-നകം പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ ഘട്ടത്തിലേക്ക് പോകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച നടത്തുന്ന അധ്യാപക സംഘടനകളുമായിട്ടുള്ള ചർച്ചക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്കൂളുകൾ പൂർണ്ണമായും പ്രവർത്തിദിനമായിരിക്കും. എല്ലാ അങ്കണവാടികൾ, ക്രഷുകൾ, കിന്റർഗാർട്ടനുകൾ എന്നിവയും തിങ്കളാഴ്ച തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവർക്ക് ക്ലാസുകൾ. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കും.
10, 11, 12 ക്ലാസുകൾ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരംവരെയാണ് ഈ ക്ലാസുകൾ നടക്കുന്നത്. 21 മുതൽ ഇവർക്ക് സാധാരണ നിലയിലേക്ക് മാറും. 21ന് സ്കൂൾ സാധാരണനിലയിലാകുന്നത് വരെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകാർക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസ് ഇനി മുതൽ ഉച്ചയ്ക്ക് ശേഷമായിരിക്കും ഉണ്ടാകുക.