വെഞ്ഞാറമൂട് > പുല്ലമ്പാറയിലെ മാലിന്യംതള്ളലിന് പരിഹാരംകാണാൻ പഞ്ചായത്ത്. പ്രദേശത്ത് മാലിന്യം തള്ളുന്നവരെ 24 മണിക്കൂറിനകം പിടികൂടി പിഴയീടാക്കും. ഒരാഴ്ചയ്ക്കിടെ മൂന്ന് കേസിലായി 60,000 രൂപ പിഴ ഈടാക്കി. തേമ്പാമൂട് മരുതുംമൂട് പാതയോരത്ത് മാലിന്യം തള്ളിയ ലോറിക്കാരന് 50,000 രൂപയാണ് പിഴയിട്ടത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതിപ്പെട്ടിരുന്നു.
പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഹരിതകർമസേനയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാണിക്കൽ കാന്തലംകോണം റോഡിലെ അറവുശാലയിലെ മാലിന്യമാണെന്ന് കണ്ടെത്തിയത്. അറവുശാലയുടെ ഉടമ മുട്ടത്തറയിലെ സീവേജിലേക്ക് കൊണ്ടുപോകാനാണ് ലോറിക്കാരന് കരാർ കൊടുത്തതെങ്കിലും ഇയാൾ മാലിന്യം വഴിയരികിൽ തള്ളുകയായിരുന്നു. പോത്തൻകോട് ഭാഗത്ത് മെഡിക്കൽ സ്റ്റോറിലെ മാലിന്യം തള്ളിയവരിൽനിന്നും വട്ടപ്പാറയിലെ ഇരുചക്ര വാഹന കടയിലെ മാലിന്യം തള്ളിയവരിൽനിന്നും 5000 രൂപ വീതം പിഴ ഈടാക്കി. മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു.
പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെയാണ് പഞ്ചായത്ത് ഭരണസമിതി കർശന നടപടികളെടുത്തത്. തേമ്പാമൂട്, മുക്കൂട്, നാഗര്കുഴി, പഴയ പള്ളി റോഡ് എന്നിവിടങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.