സിഡ്നി: അഫ്ഗാനിസ്ഥാനിലെ ഓസ്ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട മുൻ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്ബ്രൈഡ് എന്ന മുൻ സൈനിക അഭിഭാഷകനാണ് അഞ്ച് വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന് പറയേണ്ടത് തന്റെ ധാർമിക ഉത്തരവാദിത്തമെന്നാണ് മക് ബ്രൈഡ് പ്രതികരിച്ചത്. യുദ്ധത്തിനിടെ ഓസ്ട്രേലിയൻ സേന നിയമ വിരുദ്ധമായി 39 അഫ്ഗാൻ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടന്ന അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഡേവിഡ് മക്ബ്രൈഡിന്റെ വെളിപ്പെടുത്തലുകൾ വലിയ രീതിയിലാണ് ഓസ്ട്രേലിയയിൽ ചർച്ച ചെയ്യപ്പെട്ടത്. ഓസ്ട്രേലിയയുടെ പേര് സൈനികർ ദുരുപയോഗം ചെയ്തുവെന്നതടക്കം വലിയ ആരോപണങ്ങൾ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ചിരുന്നു. 60കാരനായ ഡേവിഡ് മക്ബ്രൈഡ് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന് ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ നൽകിയതായി കുറ്റസമ്മതം നടത്തിയിരുന്നു. ഓസ്ട്രേലിയൻ കമാൻഡർമാരുടെ നിലപാടുകളേക്കുറിച്ച് ആശങ്ക തോന്നിയതാണ് തെളിവുകൾ മാധ്യമ സ്ഥാപനത്തിന് നൽകാൻ പ്രേരിപ്പിച്ചതിന് പിന്നിലെന്നും ഡേവിഡ് മക്ബ്രൈഡ് കോടതിയിൽ വിശദമാക്കിയിരുന്നു.
2017ൽ ഡേവിഡ് മക്ബ്രൈഡ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദി അഫ്ഗാൻ ഫയൽസ് എന്ന പേരിലാണ് വാർത്താ സീരീസ് പുറത്ത് വന്നത്. ഓസ്ട്രേലിയൻ സൈന്യം അഫ്ഗാനിസ്ഥാനിൽ ചെയ്ത യുദ്ധ കുറ്റകൃത്യങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു ഇത്. എന്നാൽ സ്വയം ന്യായീകരണ ലക്ഷ്യമിട്ട് ഡേവിഡ് മക്ബ്രൈഡ് ചെയ്ത കാര്യം ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷയെ തന്നെ സ്വാധീനിക്കുന്നതായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
എന്നാൽ ഡേവിഡ് മക്ബ്രൈഡ് ചെയ്തത് തന്റെ ഉത്തരവാദിത്ത നിർവ്വഹണം മാത്രമായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ചൊവ്വാഴ്ച സിഡ്നിയിൽ വച്ചാണ് മക്ബ്രൈഡിനെ അഞ്ച് വർഷവും ആറ് മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സ്വന്തം അഭിപ്രായത്തിലെ ശരികളേക്കുറിച്ച് ധാരണയുള്ള വ്യക്തിയാണ് ഡേവിഡ് എന്ന നിരീക്ഷണത്തോടെയാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാൽ സൈനിക രഹസ്യങ്ങൾ എന്തിന്റെ പേരിലാണെങ്കിലും പുറത്ത് വിടുന്നത് വിശ്വാസ ലംഘനം ആണെന്ന് കാണിച്ചാണ് ശിക്ഷ വിധിച്ചത്.
27 മാസത്തെ ശിക്ഷയ്ക്ക് ശേഷമാണ് ഡേവിഡ് മക്ബ്രൈഡിന് ആദ്യത്തെ പരോൾ ലഭിക്കുക. എന്നാൽ ഓസ്ട്രേലിയയിലെ ജനങ്ങളേയും സൈനികരേയും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുമെന്ന വാഗ്ദാനം ലംഘിച്ചിട്ടില്ലെന്നാണ് ചെവ്വാഴ്ച ഡേവിഡ് മക്ബ്രൈഡ് പ്രതികരിച്ചത്. വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ ബന്ധുക്കൾ, ജെഫ് മോറിസ് എന്നിവർ അടക്കമുള്ളവരെ പിന്തുണയ്ക്കുന്നവർ ഡേവിഡ് മക്ബ്രൈഡിന് പിന്തുണയുമായി കോടതിയിൽ എത്തിയിരുന്നു. ലീഗൽ ഓഫീസർ എന്ന നിലയിൽ 2011നും 2013നും ഇടയിലാണ് ഡേവിഡ് മക്ബ്രൈഡ് അഫ്ഗാനിസ്ഥാനിലേക്ക് യാത്രകൾ നടത്തിയത്. അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രകൾക്ക് പിന്നാലെയുണ്ടായ സമ്മർദ്ദം മറികടക്കാൻ മദ്യത്തിലും ലഹരിയിലും വരെ ആശ്രയിക്കേണ്ടി വന്നിരുന്നുവെന്നും ഇതിന് ശേഷമാണ് കുറ്റബോധത്തിൽ നിന്ന് മുക്തി നേടാൻ തുറന്ന് സംസാരിക്കാൻ തീരുമാനിച്ചതെന്നുമാണ് ഡേവിഡ് കോടതിയിൽ വ്യക്തമാക്കിയത്.