ലണ്ടൻ: ഇന്ത്യൻ വംശജയായ സ്ത്രീ ലണ്ടനിൽ കുത്തേറ്റു മരിച്ചു. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലാണ് സംഭവം. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് 66 കാരിയായ ഇന്ത്യക്കാരിയെ യുവാവ് ആക്രമിച്ചത്. സംഭവത്തിൽ 22 കാരനായ യുവാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
മെയ് 9 ന് ഏകദേശം ലണ്ടൻ പ്രാദേശിക സമയം 11.50നാണ് സംഭവമുണ്ടായത്. നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) മെഡിക്കൽ സെക്രട്ടറിയായി പാർട്ട് ടൈം ജോലി ചെയ്തിരുന്ന അനിത മുഖേയെയാണ് കൊല്ലപ്പെട്ടത്. ലണ്ടനിലെ എഡ്‌വെയർ പ്രദേശത്ത് ബേൺഡ് ഓക്ക് ബ്രോഡ്‌വേ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോഴാണ് ഇവർക്കു നേരെ ആക്രമണമുണ്ടായത്. ജലാൽ ഡെബെല്ല എന്ന യുവാവ് നെഞ്ചിലും കഴുത്തിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തുകയും പ്രതിയായ ഡെബെല്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. വിചാരണയ്ക്ക് ശേഷം പ്രതി കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് തീരുമാനിക്കുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നെഞ്ചിനും കഴുത്തിനുമേറ്റ മൂർച്ചയേറിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.