ന്യൂഡൽഹി: ഏകാധിപത്യവും പ്രതിപക്ഷ പാർട്ടികളെ തുടച്ചുനീക്കാനുള്ള ബി.ജെ.പിയുടെ നീക്കവുമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കനയ്യ കുമാർ. വടക്കു കിഴക്കൻ ഡൽഹിയിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാണ് കനയ്യ കുമാർ. ബി.ജെ.പിയുടെ ഏകാധിപത്യം തടയുന്നതിനാണ് പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഇൻഡ്യ സഖ്യം രൂപവത്കരിച്ചതെന്നും ദ വയറിനു നൽകിയ അഭിമുഖത്തിൽ കനയ്യ കുമാർ വ്യക്തമാക്കി.
”ഈ തെരഞ്ഞെടുപ്പിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏകാധിപത്യം വളർത്തുവരുന്നതാണ്. ജനാധിപത്യത്തെ സ്നേഹിക്കുന്ന, സമാധാന കാംക്ഷികളായ, നീതിയോട് ആഭിമുഖ്യമുള്ള, രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ബി.ജെ.പി പ്രതിപക്ഷത്തെ തുടച്ചു നീക്കാൻ ശ്രമിക്കുന്നത് വലിയ പ്രശ്നമാണ്. പ്രതിപക്ഷമില്ലാത്ത ഒരു രാഷ്ട്രീയമാണ് ബി.ജെ.പിക്ക് വേണ്ടത്. അതുകൊണ്ടാണ് ബി.ജെ.പിക്കെതിരെ ഇൻഡ്യ സഖ്യം ഉയർന്നുവന്നത്.”-കനയ്യ കുമാർ പറഞ്ഞു.
ജെ.എൻ.യുവിലെ തീപ്പൊരി നേതാവ് എന്ന നിലയിൽ ഒരുകാലത്ത് വലിയ വാർത്തയായിരുന്ന കനയ്യ 2018ൽ സി.പി.എമ്മിൽ ചേർന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസാരായ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും ബി.ജെ.പിയുടെ ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടു. 2021ൽ കനയ്യ സി.പി.എം വിട്ട് കോൺഗ്രസിലെത്തി.
ഡൽഹിയിൽ എ.എ.പിയും കോൺഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെയുള്ള ഏഴ് ലോക്സഭ സീറ്റുകളിൽ നാലെണ്ണത്തിൽ എ.എ.പിയും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. വടക്കു കിഴക്കൻ ഡൽഹിയിൽ പുറത്തുനിന്നുള്ള ഒരാളെയാണ് മത്സരിപ്പിക്കുന്നത് എന്ന വടക്കു കിഴക്കൻ ഡൽഹി എം.പി മനോജ് തിവാരിയുടെ ആരോപണത്തിനും കനയ്യ മറുപടി നൽകി. ”മനോജ് തിവാരിയും ബിഹാറുകാരനാണ്. ഗുജറാത്തിലാണ് ജനിച്ചതെങ്കിലും യു.പിയിലെ വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത്. അതിനാൽ അത്തരത്തിലുള്ള ആരോപണങ്ങൾ വിലപ്പോകില്ലെന്നും കനയ്യ കുമാർ പറഞ്ഞു. കഴിഞ്ഞ തവണ ഒറ്റക്കു തെരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ ഇത്തവണ പ്രതിപക്ഷ സഖ്യത്തിന്റെ കീഴിൽ ഒന്നിച്ചാണ്. ഇതാണ് രണ്ടു തെരഞ്ഞെടുപ്പുകളും തമ്മിലുള്ള വ്യത്യാസമെന്നും കനയ്യ കൂട്ടിച്ചേർത്തു. മുൻ പ്രസിഡന്റ് അരവിന്ദർ സിങ് ലാവ്‍ലി രാജിവെച്ചതിനെ തുടർന്നാണ് കനയ്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. എ.എ.പിയുമായുള്ള സഖ്യത്തെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എമാരായ രാജ്കുമാർ ചൗഹാൻ, നീരജ് ബസോയ, നസീബ് സിങ് എന്നിവരും ബി.ജെ.പിയിൽ ചേർന്നിരുന്നു.