കുന്നംകുളം: എ.സി സർവിസ് സെന്ററിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. കക്കാട് ക്ഷേത്രത്തിനു സമീപം സ്റ്റാർ സർവിസ് സെന്ററിലാണ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് കാറിന് തീപിടിച്ചത്.
തീയണക്കാൻ ശ്രമിക്കവേ സ്ഥാപനയുടമക്ക് നിസാര പരിക്കേറ്റു. വിനയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണമായും കത്തിനശിച്ചത്. സ്ഥാപന ഉടമ ചൊവ്വന്നൂർ സ്വദേശി അബ്ദുൽ സലാമിനാണ് പരിക്കേറ്റത്. ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്ന് കരുതുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. എ.സി സർവിസ് ചെയ്യാൻ മറ്റൊരു വർക് ഷോപ്പിൽനിന്ന് കൊണ്ടുവന്ന കാറായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.