കൊണ്ടോട്ടി : കഴിഞ്ഞ 22ന് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്ത സംഘത്തിലെ സൂത്രധാരനും മുഖ്യ പ്രതിയുമായ താനൂർ സ്വദേശി ഇസഹാക്ക് (30) അറസ്റ്റിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ പിടികൂടിയത്.
കോട്ടയ്ക്കലിൽ രണ്ടു വർഷം മുൻപ് ഓട്ടോയിൽ കടത്തിയ മൂന്നു കോടിയുടെ കുഴൽപ്പണം കവർച്ച ചെയ്തതും കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മംഗലാപുരം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയശേഷം കവർച്ച നടത്തിയതുൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഇയാൾ.
ഇതോടെ കേസുമായി ബന്ധപ്പെട്ട് 16 പേർ അറസ്റ്റിലായി. ഇവർ കവർച്ചയ്ക്കെത്തിയ മൂന്നു ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു. മുഴുവൻ പ്രതികളെയും മൂന്നു ദിവസത്തിനുള്ളിലാണ് പിടികൂടിയത്. കൊണ്ടോട്ടി ഡിവൈ.എസ്.പി. അഷറഫിന്റെ നേതൃത്വത്തിൽ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്പെക്ടർ പ്രമോദ്, താനൂർ എസ്.ഐ. ശ്രീജിത്ത്, തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.