മ്യൂണിക്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ പ്രതാപത്തിൽനിന്ന് ബാഴ്സലോണ മടങ്ങുന്നു. 2003–04 വർഷത്തിനുശേഷം ആദ്യമായി നോക്കൗട്ട് കാണാതെ പുറത്തായി. സമീപകാലത്തുണ്ടായ എല്ലാ തിരിച്ചടികളുടെയും ആകെത്തുകയായി ഈ പതനം. കഴിഞ്ഞ 17 സീസണുകളിലും ബാഴ്സ പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു. അഞ്ചുതവണ ചാമ്പ്യൻമാരായി. ഇനി ബാഴ്സയ്ക്ക് സീസണിൽ യൂറോപ ലീഗിൽ കളിക്കാം.
ഗ്രൂപ്പ് ഇയിൽ അവസാനമത്സരത്തിന് ഇറങ്ങുമ്പോൾ ജയം മാത്രമായിരുന്നു നോക്കൗട്ടിലേക്കുള്ള പിടിവള്ളി. കരുത്തരായ ബയേൺ മ്യൂണിക് അത് അറുത്തുമാറ്റി. സ്വന്തം തട്ടകമായ അലയൻസ് അരീനയിൽ ബാഴ്സയെ അവർ മൂന്ന് ഗോളിന് തീർത്തു. സാവിയെന്ന പരിശീലകനിൽ രക്ഷകനെ തിരഞ്ഞ ബാഴ്സയ്‌ക്ക് നിരാശയായി ഫലം. ബാഴ്സയുടെ കരുത്ത് വീണ്ടെടുക്കാനുള്ള അത്ഭുതമരുന്ന് സാവിയുടെ കെെയിലുണ്ടായില്ല. ഗ്രൂപ്പിൽ അവസാനകളിക്ക് ഇറങ്ങുംമുമ്പ് ഏഴ് പോയിന്റുമായി രണ്ടാമതായിരുന്നു ബാഴ്സ. ഗോൾവ്യത്യാസത്തിൽ പിന്നിലായതിനാൽ ജയംമാത്രമായിരുന്നു വഴി. മൂന്നാമതുള്ള ബെൻഫിക്കയ്ക്ക് അഞ്ച് പോയിന്റ്. ബാഴ്സ തോറ്റപ്പോൾ ബെൻഫിക്ക ഡെെനാമോ കീവിനെ രണ്ട് ഗോളിന് കീഴടക്കി രണ്ടാംസ്ഥാനക്കാരായി മുന്നേറി.
ബയേണിനെതിരെ ഇറങ്ങുമ്പോൾ ബാഴ്സയ്ക്ക് അമിതപ്രതീക്ഷകളുണ്ടായില്ല. തുടക്കത്തിൽ ജോർഡി ആൽബ ഗോളിന് അടുത്തെത്തി. ഉസ്മാൻ ഡെംബെലെ മികച്ച അവസരം പാഴാക്കി. എന്നാൽ പിന്നീട് കളി ബയേൺ നിയന്ത്രിച്ചു. ആദ്യപകുതി അവസാനിക്കുംമുമ്പേ രണ്ട് ഗോൾ വലയിലെത്തി. തോമസ് മുള്ളറുടെ വക ആദ്യത്തേത്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ക്രോസിൽ മുള്ളർ തലവച്ചു. ലിറോയ് സാനെയുടെ 30 വാര അകലെവച്ചുള്ള ഷോട്ട് ബാഴ്സ ഗോൾ കീപ്പർ മാർക് ആന്ദ്രേ ടെർ സ്റ്റെയ്ഗനെ കീഴടക്കി. രണ്ടാംപകുതിയുടെ തുടക്കത്തിൽ ജമാൽ മുസിയാല ബയേണിന്റെ ഗോൾവേട്ട പൂർത്തിയാക്കി.
ഗ്രൂപ്പുഘട്ടത്തിൽ ഒമ്പത് ഗോളാണ് ബാഴ്സ വഴങ്ങിയത്. തിരിച്ചടിച്ചത് രണ്ടെണ്ണംമാത്രം. ബയേണിനോട് രണ്ടു കളിയിൽ ആറ് ഗോൾ വഴങ്ങി. ബെൻഫിക്കയുമായുള്ള ആദ്യകളി മൂന്ന് ഗോളിനാണ് തോറ്റത്. കോവിഡ് കാരണം ബാഴ്സ സാമ്പത്തികപ്രതിസന്ധിയിലാണ്. ലയണൽ മെസി ക്ലബ് വിടുകയും ചെയ്തതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. ജെറാർഡ് പിക്വെ, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്സ് എന്നീ മുൻ താരങ്ങളുടെ ഫോമും മങ്ങി. പെഡ്രി, ഗാവി, അൻസു ഫാറ്റി എന്നീ യുവതാരങ്ങളിലാണ് സാവിയുടെ പ്രതീക്ഷകൾ.