കോഴിക്കോട്: വടക്കുകിഴക്കൻ പെൺകൊടികളുടെ ശൗര്യത്തിനുമുന്നിൽ റെയിൽവേസിന് പാളംതെറ്റി. ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ വീണ്ടും മണിപ്പുരിന്റെ വിജയഭേരി. ജേതാക്കളെ തീരുമാനിക്കാൻ ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ 2–-1ന് റെയിൽവേസിനെ കീഴടക്കി. നിശ്ചിത സമയത്തും അധികസമയത്തും ഗോൾ നേടാനായില്ല.
തുടർച്ചയായി രണ്ടാംകിരീടം നേടിയ മണിപ്പുർ, 26 തവണ നടന്ന ചാമ്പ്യൻഷിപ്പിൽ 21 തവണയും ജേതാക്കളായി. ഷൂട്ടൗട്ടിൽ ബേബി സന ദേവിയും കിരൺ ബാല ചാനുവും ഗോൾ നേടി. റെയിൽവേസിന്റെ ഗോൾ നവോബി ചാനുവിന്റേതാണ്. മണിപ്പുർ രണ്ടു കിക്കുകൾ പാഴാക്കി. റെയിൽവേസ് നാലും. മണിപ്പുരിന് അവസാന പെനൽറ്റി എടുക്കേണ്ടിവന്നില്ല. മണിപ്പുരിന്റെ രോഷ്നി ദേവിയാണ് മികച്ച ഗോൾ കീപ്പർ. ഒമ്പത് ഗോളടിച്ച തമിഴ്നാടിന്റെ സന്ധ്യ രംഗനാഥ് ടോപ് സ്കോററായി. മണിപ്പുരിന്റെ ഇറോം പ്രമേശ്വരി ദേവിയാണ് മികച്ച താരം.