ദില്ലി: അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത് നൽകിയേക്കും.പാര്‍ട്ടി അധ്യക്ഷന്‍ ഖർഗെയുടെ മുന്നറിയിപ്പിന് ശേഷവും മമത ബാനർജിക്ക് നേരെ അധിക്ഷേപം തുടർന്ന സാഹചര്യത്തിലാണിത്. കോൺഗ്രസിനെ തകർക്കാൻ നടക്കുന്ന മമതയെ ഇന്ത്യ സഖ്യവുമായി സഹകരിപ്പിക്കാനാവില്ലെന്ന് അധിർ ആവര്‍ത്തിച്ചു. മമത അവസരവാദിയാണെന്നും, വിശ്വസിക്കാൻ കൊള്ളില്ലെന്നും വിമർശിച്ചു. നാലു ഘട്ടം പിന്നിട്ട വോട്ടെടുപ്പിൽ ഇന്ത്യ സഖ്യം വലിയ നേട്ടം അവകാശപ്പെടുമ്പോഴാണ് ബംഗാൾ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിവാദ പ്രസ്താവനയെത്തിയത്. മമത ബാനർജിയെ വിശ്വസിക്കരുതെന്നും, തൃണമൂൽ ബിജെപി പാളയത്തിലേക്ക് പോകാമെന്നുമായിരുന്നു പരാമർശം. ബംഗാളിലേത് പ്രാദേശിക മത്സരെമന്നും ഇന്ത്യ സഖ്യത്തെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്നുമുളള മമതയുടെ പ്രഖ്യാപനത്തോടായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ രൂക്ഷ വിമർശനം.
എന്നാൽ അധിർ രഞ്ജൻ ചൗധരിയെ പൂർണമായും തളളുകയാണ് കോണ്ഗ്രസ് അധ്യക്ഷൻ. പാർട്ടിയുടെ നിലപാട് പറയാൻ അധിർ രഞ്ജനെ ചുമതലപ്പെടുത്തിയില്ലെന്നും, അനുസരിക്കാത്തവർ പാർട്ടിയ്ക്ക് പുറത്താകുമെന്നും ഖർഗെയെുടെ താക്കീത്.