ദില്ലി : കേരളത്തിനെതിരായ വിവാദ പ്രസ്താവന ആവർത്തിച്ച് ഉത്തർപ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. യുപി കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന് യോഗി പറഞ്ഞു. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് യോഗി വിമർശിച്ചു. കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും യോഗി ആവർത്തിച്ചു. ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹിജാബ് വിഷയത്തിൽ ഭരണഘടന തത്വങ്ങൾ സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേർത്തു.
2017 നേക്കാൾ സീറ്റ് രണ്ടാംഘട്ടത്തിൽ ബിജെപി നേടുമെന്ന് യുപി ധനമന്ത്രി സുരേഷ് കുമാർ ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്തർപ്രദേശിൽ കടുത്ത മത്സരം ഇല്ല. ബിജെപി ഭൂരിപക്ഷം നേടി യുപിയിൽ അധികാരം നിലനിർത്തും. ഷാജഹാൻപൂരിൽ വികസനമാണ് പ്രധാന അജണ്ട. ഒൻപതാം തവണയും ഷാജഹാൻപൂരിൽ നിന്ന് താൻ തെരഞ്ഞെടുക്കപ്പെടും. നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേബം കൂട്ടിച്ചേർത്തു.