ആലപ്പുഴ: മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും അതിരൂക്ഷമായ വെള്ളക്കെട്ടിൽ ദുരിതം ഇരട്ടിയായി. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആര്യാട് വടക്ക് പഞ്ചായത്ത് തത്തംപള്ളി ഗവ. എല്‍.പി സ്കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. തത്തംപള്ളി കുരിശ്ശടിക്ക് സമീപം വീടുകളിൽ വെള്ളം കയറിതോടെ കണ്ടത്തിൽ ജനാർദനൻ, രത്നമ്മ, സുരേന്ദ്രൻ എന്നിവരുടെ കുടുംബങ്ങളിലെ 12 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മൂന്നുദിവസമായി കനത്തമഴയിൽ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാതെ കുടുംബങ്ങൾ വലഞ്ഞിരുന്നു.
കനത്ത കാറ്റിൽ മരം ഒടിഞ്ഞുവീണ് ഇതുവരെ ഏഴ് വീടാണ് തകർന്നത്. അമ്പലപ്പുഴ താലൂക്കിലാണ് ഏറെ നഷ്ടം. വെള്ളിയാഴ്ച മാത്രം നാലുവീട് ഭാഗികമായി തകർന്നു. മണ്ണഞ്ചേരി കോമളപുരം വില്ലേജ് പത്താംവാർഡിൽ അക്കൂട്ട്വെളിയിൽ ചന്ദ്രൻ, വടക്കേക്കര രാജേഷ്, കാക്കാഴം കുമരപുഴ ഗോപകുമാർ, മാവേലിക്കര കണ്ണമംഗലം ആശാരിപറമ്പിൽ മുരളീധരൻ എന്നിവരുടെ വീടാണ് മരംവീണ് തകർന്നത്. അമ്പലപ്പുഴ വടക്ക് അറുനൂറ്റിൽചിറ കഞ്ഞിപ്പാടം, ചമ്പക്കുളം പാടശേഖരങ്ങളിൽ വെളളംനിറഞ്ഞ് ജനജീവിതം ദുസ്സഹമായി. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണുള്ളത്. അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ 431 ദുരിത്വാശ്വാസ കെട്ടിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയുടെ 39ഉം തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറും അന്ധകാരനഴിയിൽ 15 ഷട്ടറും തുറന്ന് ജലമൊഴുക്ക് സുഗമമാക്കുന്നുണ്ട്.
ജില്ലയിൽ ശരാശരി മഴ 38.74 മില്ലീമീറ്റർ
ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച ലഭിച്ചത് 38.74 മില്ലീമീറ്റർ ശരാശരി മഴയാണ്. ഏറ്റവും അധികം മഴ ലഭിച്ചത് ചേർത്തലയിലാണ്.
ഇവിടെ 51 മി.മീറ്റർ മഴയാണ് ലഭിച്ചത്. ആലപ്പുഴ- 22.8, മാവേലിക്കര- 30.2, കായംകുളം- 40.3, മങ്കൊമ്പ്- 20.2, കാർത്തികപ്പള്ളി-42 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ മഴ കണക്ക്.