ദില്ലി:ആറാം ഘട്ട തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 61.76 ശതമാനം പോളിംഗാണ് ഇന്നലെ നടന്നത്. ഉഷ്ണ തരംഗം തിരിച്ചടിയായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. ഒന്നാം ഘട്ടത്തില്‍ 66. 14 ശതമാനം. രണ്ടാംഘട്ടത്തില് 66.71, മൂന്നാം ഘട്ടത്തില്‍ 65.58 ശതമാനം, നാലാം ഘട്ടത്തില്‍ 69.16 ശതമാനം,അഞ്ചാംഘട്ടത്തില്‍ 62.20 ശതമാനം ഇങ്ങനെയായിരുന്നു കഴിഞ്ഞ ഘട്ടങ്ങളിലെ പോളിംഗ് നിരക്ക്.
ആറാം ഘട്ടത്തിലും ബംഗാളില്‍ 80 ശതമാനം കടന്നു. യുപിയിലാണ് ഏറ്റവും കുറവ്. 54 ശതമാനം മാത്രമാണ് പോളിംഗ്. ജാര്‍ഖണ്ഡിലും ഹരിയാനയിലും മാത്രം 60 ശതമാനം കടന്നു. വോട്ടിംഗ് മെഷിനെതിരായ വ്യജ പ്രചാരണം വോട്ടര്‍മാരെ പിന്നോട്ടടിച്ചെങ്കില്‍, പ്രതികൂല കാലവസ്ഥയും തിരിച്ചടിയായി. ദില്ലിയിലും , മറ്റ് സംസ്ഥാനങ്ങളിലും നാല്‍പത്തിയഞ്ചും അതിന് മുകളിലുമായിരുന്നു താപനില. ആറാം ഘട്ടവും മോദി സര്‍ക്കാര്‍ തന്നെയെന്ന സൂചനയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു.
ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് അപകടമാണെന്നും, ജനാധിപത്യം തകര്‍ന്ന് കഴിഞ്ഞെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു. ഇതിനിടെ വോട്ടിംഗ് മെഷീനല്‍ കൃത്രിമം നടക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. വോട്ടിംഗ് മെഷീനെതിരെ ഇന്നലെ ദില്ലിയിലും, ബംഗാളിലും ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ബംഗാളില്‍ നടന്ന അക്രമസംഭവങ്ങളില്‍ അന്വേഷണത്തിനും നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.