കോഴിക്കോട്: നമ്മൾ ഒറ്റക്ക് ജയിക്കേണ്ടവരല്ലെന്നും ഒരുമിച്ച് ജയിക്കേണ്ടവരാണെന്നും സാദിഖലി തങ്ങൾ. കോഴിക്കോട് സംഘടിപ്പിച്ച സ്നേഹസദസ് പരിപാടിയിൽ അധ്യക്ഷത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ദാഹവും വിശപ്പും മനുഷ്യ സഹജമാണ്. സ്‌നേഹത്തിനു വേണ്ടി ദാഹിക്കുന്നതും മനുഷ്യസഹജമാണ്. സഹജീവി സ്‌നേഹം എപ്പോഴും നിലനിർത്തണം. അപ്പോൾ മാത്രമേ പ്രകൃതി പോലും നിലനിൽക്കുകയുള്ളൂ.ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഓരോ നിമിഷവും വിനിയോഗിക്കണം. മനുഷ്യബന്ധം ഊഷ്മളമാക്കി നിലനിർത്തിയാലേ പടച്ചവനോടുള്ള ബന്ധത്തിന് പ്രസക്തിയുള്ളൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത സ്‌നേഹ സദസ്സിന്റെ വാർഷികത്തിന്‍റെ ഉദ്ഘാടനം തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി നിർവഹിച്ചു.നരേന്ദ്ര മോദി പറയുന്ന ഗാരന്റിയുടെ വാറന്റി കഴിഞ്ഞതായി രേവന്ത് റെഡ്ഡി പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്ന പ്രഭാഷണങ്ങളുമായാണ് മോദി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശത്തിന്റെ താൽപര്യം സംരക്ഷിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നത്. മോദിയുടെ പ്രവൃത്തികൾ രാജ്യത്തിന് ഗുണകരമല്ല. പ്രധാനമന്ത്രിയായിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.ദലിത്, ന്യൂനപക്ഷ സംവരണം എടുത്തുകളയാൻ വേണ്ടിയാണ് ഇത്തവണ 400 സീറ്റ് വേണമെന്ന് ബി.ജെ.പി മോഹിക്കുന്നത്. കേരളത്തിലെ യു.ഡി.എഫ് ഇൻഡ്യ സഖ്യത്തിന് മാതൃകയാണ്. ദക്ഷിണേന്ത്യയിൽ നിന്നുമാത്രം ഇൻഡ്യ സഖ്യം നൂറിലധികം സീറ്റ് നേടും. സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് രാജ്യത്തിനുള്ള സന്ദേശമാണ്. ഈ സന്ദേശം രാജ്യത്തുടനീളം പരക്കണം.
ഒരു വർഗീയ ശക്തികളെയും കേരളം ഈ മണ്ണിലേക്ക് പ്രവേശിക്കാൻ സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ അഭിമാനിക്കുകയും അതോടൊപ്പം അസൂയപ്പെടുകയും ചെയ്യുന്നുണ്ട്. സമൂഹത്തെ ഒന്നിച്ച് മുന്നോട്ടുപോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണമെന്നുംരേവന്ത് റെഡ്ഡി പറഞ്ഞു.