തിരുവനന്തപുരം. : അമ്പലമുക്കിൽ പട്ടാപ്പകൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരേ പ്രതിഷേധം. കൊലപാതകം നടന്ന ചെടിവിൽക്കുന്ന കടയിൽ പ്രതിയെ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിക്ക് നേരേ അസഭ്യവർഷവുമായി പാഞ്ഞടുത്ത നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ കേസിലാണ് തമിഴ്നാട് തോവാള സ്വദേശിയായ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസങ്ങളിൽ പ്രതിയുമായി പോലീസ് സംഘം തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അമ്പലമുക്കിൽ തെളിവെടുപ്പിന് എത്തിച്ചത്.
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് നിരവധിപേരാണ് അമ്പലമുക്കിലെ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. തുടർന്ന് ഇവർ ബഹളംവെയ്ക്കുകയും രാജേന്ദ്രനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഏറെ പാടുപെട്ടാണ് പോലീസ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. പ്രതിഷേധം തുടർന്നതോടെ പോലീസ് പ്രതിയുമായി വേഗത്തിൽ മടങ്ങുകയും ചെയ്തു. പിന്നീട് മുട്ടടയിലെ കുളക്കരയിലായിരുന്നു തെളിവെടുപ്പ്. വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും സംഭവസമയം ധരിച്ചിരുന്ന വസ്ത്രവും മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ചെന്നാണ് രാജേന്ദ്രന്റെ മൊഴി. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് ഒട്ടേറെപേരാണ് മുട്ടടയിലും എത്തിച്ചേർന്നത്. ഇവിടെ പ്രതിഷേധങ്ങളോ കൈയേറ്റശ്രമമോ ഉണ്ടായില്ല.
ഫെബ്രുവരി ആറാം തീയതി ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളിൽ വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോക്ഡൗൺ ദിനത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യമണിക്കൂറുകളിൽ പ്രതിയെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിൽനിന്നാണ് രാജേന്ദ്രൻ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതി രാജേന്ദ്രനാണെന്ന് തിരിച്ചറിയുകയുമായിരുന്നു. നേരത്തെ അഞ്ചുപേരെ കൊലപ്പെടുത്തിയ കൊടുംക്രിമിനലായ രാജേന്ദ്രനെ തമിഴ്നാട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്.