ബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യദിയൂരപ്പ പതിനേഴുകാരിയായ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ സ്ത്രീ മരിച്ചു. തെക്ക് കിഴക്ക് ബംഗളൂരുവിൽ ഹുളിമാവുവിലെ നാനൊ ആശുപത്രിയിൽ ഞായറാഴ്ച രാത്രി വൈകിയായിരുന്നു അന്ത്യം.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 54കാരി ചികിത്സയോട് പ്രതികരിക്കാതെ മരിക്കുകയായിരുന്നു. ശ്വാസകോശ അര്‍ബുദ ബാധിതയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫെബ്രുവരി രണ്ടിന് സദാശിവ നഗർ ഡൊള്ളാർസ് കോളനിയിലെ യദിയൂരപ്പയുടെ വീട്ടിൽ സഹായം തേടി മാതാവിനൊപ്പം എത്തിയ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മുറിയിൽ കൊണ്ടുപോയി ദുരുദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
പ്രാഥമിക അന്വേഷണം നടത്തിയ സദാശിവനഗർ പൊലീസ് യദിയൂരപ്പക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ യദിയൂരപ്പയോട് സഹായമഭ്യര്‍ഥിച്ച് പലരും ബംഗളൂരുവിലെ വീട്ടിലെത്തുന്നതിന്റെ ഭാഗമായി സന്ദർശിച്ചതായിരുന്നു പരാതിക്കാരിയും മകളും. സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 164 പ്രകാരം പെണ്‍കുട്ടിയുടെയും പരാതിക്കാരിയുടെയും രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.