മണിപ്പൂർ : മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 40-ലധികം സീറ്റുകൾ നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്. പരമ്പരാഗത വോട്ടുകൾ പാർട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് പ്രാദേശിക പാർട്ടികളുമായി സഖ്യം ഉണ്ടാക്കുന്നില്ലെന്നും ശാരദാ ദേവി പറഞ്ഞു.
മണിപ്പൂരിൽ ശക്തമായ ഒരു സർക്കാരിനെ രൂപീകരിക്കുക എന്നതാണ് ബിജെപിയുടെ ആഗ്രഹം. തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ മാത്രം നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും പിന്തുണ സ്വീകരിക്കും. ഇരു പാർട്ടികളുമായി ചർച്ച തുടരുകയാണ്. ഇവർ സഹപ്രവർത്തകരാണെന്നും സൗഹൃദ പോരാട്ടമാണ് നടക്കുന്നതെന്നും ശാരദാ ദേവി പറഞ്ഞു.
സമാധാനം സ്ഥാപിക്കുകയും കൂടുതൽ വികസനം കൊണ്ടുവരികയുമാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. മണിപ്പൂരിൽ വർഷങ്ങളായി ഭരിച്ചിരുന്ന കോൺഗ്രസിന്റെ ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുക. മണിപ്പൂരിൽ ഇരട്ട എഞ്ചിൻ ഗവൺമെന്റ് ആവശ്യമാണ്. കേന്ദ്രവുമായി സുഗമമായ ഏകോപനം കൂടാതെ ഇത്രയും വലിയ വികസനം സാധ്യമല്ലെന്നും ശാരദാ ദേവി വ്യക്തമാക്കി. അടുത്തയാഴ്ച പ്രകടനപത്രികയിലൂടെ അഫ്‌സ്പ വിഷയത്തിൽ പാർട്ടി വ്യക്തത വരുത്തുമെന്നും പദ്ധതി ആവിഷ്‌കരിക്കുമെന്നും മണിപ്പൂർ ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കാൻ ബിജെപി അധ്യക്ഷൻ ജെപി നദ്ദ അടുത്തയാഴ്ച മണിപ്പൂരിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തയാഴ്ച മണിപ്പൂരിൽ പ്രചാരണം ആരംഭിക്കുമെന്നും ശാരദാ ദേവി പറഞ്ഞു.