തിരുവനന്തപുരം : ആരോഗ്യ മേഖലയിലെ കേരള മാതൃകയ്ക്ക് ഒരു പൊൻതൂവൽ കൂടി. സർക്കാർ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുരോഗമിക്കുന്നു. മരണാനന്തരം ദാനം ചെയ്ത കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നേരത്തെ ഒരു തവണ സർക്കാർ മേഖലയിൽ നടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അന്ന് ശസ്ത്രക്രിയ നടന്നത്.
സ്വകാര്യ മേഖലയിൽ മാത്രം നടന്നിരുന്ന ലൈവ് ഡോണർ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഇതാദ്യമായി സർക്കാർ മേഖലയിലും നടക്കുന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ സ്വകാര്യ മേഖലയിൽ നിന്ന് പ്രത്യേക പരിശീലനം നേടി വന്ന ഡോ.ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. വിദഗ്ധ പരിശീലനം നേടി വന്ന ഡോ.സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റി യൂണിറ്റ് ശക്തിപ്പെടുത്തി 9 മാസങ്ങൾക്കുള്ളിലാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് സർക്കാർ മേഖല സജ്ജമായത്.
ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കൂറിലേറെ നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. സർക്കാർ മേഖലയിലെ വിദഗ്ധർക്കൊപ്പം സ്വകാര്യ മേഖലയുടെ കൂടി സഹായത്തോടെയാണ് ആദ്യ ശസ്ത്രക്രിയ. കിംസ് ആശുപത്രിയിലെ ഡോ.ഷബീർ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് ഒപ്പമുള്ളത്. ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണമാണ് വലിയ വെല്ലുവിളി. ചെറിയൊരു അണുബാധപോലും തിരിച്ചടിയാകുമെന്നതിനാൽ ശസ്ത്രക്രിയയുടെ വിജയം പ്രവചിക്കുക അസാധ്യം.
കഴിഞ്ഞ മാസം തന്നെ കരൾമാറ്റിവെയ്ക്കലിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സജ്ജമായിരുന്നെങ്കിലും നടപടിക്രമങ്ങൾ വൈകിയതാണ് ശസ്ത്രക്രിയ നീളാൻ കാരണമായത്. ഗുരുതര കരൾ രോഗം ബാധിച്ച തൃശൂർ സ്വദേശിക്കാണ് ശസ്ത്രക്രിയ. ഭാര്യതന്നെയാണ് ദാതാവ്. ഇതിനിടയിൽ ദാതാവിനും സ്വീകർത്താവിനും കൊവിഡ് ബാധിച്ചതും ശസ്ത്രക്രിയ വൈകാൻ കാരണമായി.
കേരളത്തിൽ 2006ലാണ് ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള കരൾ മാറ്റിവയ്ക്കൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്. സ്വകാര്യ മേഖലയിൽ,കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലായിരുന്നു അത്. ആദ്യ ശസ്ത്രക്രിയയിൽ രോഗി മരിച്ചു. രണ്ടാമത് കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ലൈവ് ഡോണർ ശസ്ത്രക്രിയയിലും രോഗി മരിച്ചു. എന്നാൽ രണ്ടാം വട്ടം അമൃതയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. തുടർന്നിങ്ങോട്ട് അമൃത ആശുപത്രി മാത്രം 1000 ലൈവ് ഡോണർ ശസ്ത്രക്രിയ നടത്തി. സ്വകാര്യ മേഖലയിലെ മറ്റ് ആശുപത്രികൾ 600ലേറെ ശസ്ത്രക്രിയകളും. എന്നാൽ ആ ദൗത്യം വിദഗ്ധരേറെയുളള സർക്കാർ മേഖലയ്ക്ക് ഏത്ര പെട്ടെന്ന് വഴങ്ങിയില്ല. ദാതാവിനും സ്വീകർത്താവിനും അണുബധ ഏൽക്കാതത്ത വിധമുള്ള ഐസിയു സംവിധാനങ്ങളടക്കം ഒരുക്കുന്നതിൽ സർക്കാർ മേഖല വേണ്ടത്ര വിജയിച്ചില്ലെന്നതും ആദ്യ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷമുള്ള രണ്ടാം ശസ്ത്രക്രിയക്ക് കാലതാമസമുണ്ടാക്കി.
സ്വകാര്യ മേഖലയിൽ 25ലക്ഷം രൂപ വരെ ചെലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലിയിൽ ചെയ്യുമ്പോൾ രോഗിയ്ക്ക് അത്രകണ്ട് ചെലവ് വന്നില്ലെങ്കിലും സർക്കാരിന് 12 ലക്ഷത്തിലേറെ രൂപ ഒരു ശസ്ത്രക്രിയക്ക് തന്നെ മുടക്കേണ്ടി വരും. ഒപ്പം സർക്കാർ മേഖല വൈദഗ്ധ്യം നേടി എന്നുറപ്പിക്കും വരെ സ്വകാര്യ മേഖലയുടെ കൂടി സഹായം ഉറപ്പാക്കേണ്ടതുമുണ്ട്. ഒരു ശസ്ത്രക്രിയക്ക് ലക്ഷം രൂപ എന്ന കണക്കിലാണ് കിംസുമായി കരാർ ഒപ്പിട്ടിട്ടുള്ളത്.അഞ്ച് വര്‍ഷം മുമ്പ് 2016 മാര്‍ച്ച് 23നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത്. മരണാനന്തര അവയവദാനമായിരുന്നു അത്. അണുബാധയെത്തുടര്‍ന്ന് കരൾ മാറ്റിവച്ച രോഗി മരിച്ചു . അന്ന് പൂട്ടിയ യൂണിറ്റ് പിന്നീടിതുവരെ പ്രവർത്തിച്ചില്ലെന്നതും ചരിത്രം