തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗങ്ങളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ ബിജെപി തയ്യാറായില്ല. തൊഴിലില്ലായ്‌മ, പട്ടിണി, വിലക്കയറ്റം, പാർപ്പിടം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളൊന്നും ബിജെപി ചർച്ചയ്‌ക്കെടുത്തില്ല. 400 സീറ്റിലധികം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്നേ പ്രധാനമന്ത്രി പറഞ്ഞത്. രണ്ടുഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞാേതടെ അദ്ദേഹത്തിന്റെ വിധം മാറി. സാധാരണ ആർഎസ്‌എസുകാരനേക്കാൾ നിലവാരം കുറഞ്ഞ പ്രചരണമാണ് മോദി നടത്തിയത്.
തെരഞ്ഞെടുപ്പ് അവസാനഘട്ടമെത്തുമ്പോഴേയ്‌ക്കും മോദി ധ്യാനത്തിലാണ്. താൻ കേവലമൊരു ജൈവിക മനുഷ്യനല്ല എന്നാണ് മോദി ഇപ്പോൾ പറയുന്നത്. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്.
സാമ്പത്തികമായി കേരളത്തെ ഞെരുക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ബദൽ സാമ്പത്തിക, ആശയ സംവിധാനങ്ങൾ കേരളത്തിനുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് ബിജെപി കേരളത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. കേരളത്തെ കേരളമല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ വായനയെ ആയുധമാക്കണം. സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ ഉണ്ടാകേണ്ടത് ഇന്നത്തെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ ആവശ്യകതയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.