കണ്ണൂര്‍ : കണ്ണൂർ നഗരത്തില്‍ പട്ടാപ്പകല്‍ കല്യാണവീട്ടില്‍ നടന്ന ബോംബേറില്‍ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍വ്യവസായം പോലെ സിപിഎം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്ന് സുധാകരന്‍ എംപി പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും അത് പ്രയോഗിക്കാന്‍ കൊലയാളി സംഘവും വാടകഗുണ്ടകളും സിപിഎമ്മിനുണ്ടെന്നും സുധാകരൻ ആരോപിച്ചു. ”ജീവന്‍ പണയംവെച്ചാണ് ജനാധിപത്യ വിശ്വാസികള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. ഷുഹൈബിനെയും ടിപി ചന്ദ്രശേഖരനെയും കൊത്തിനുറുക്കിയ കൊലയാളി സംഘങ്ങള്‍ ഇപ്പോഴും യഥേഷ്ടം വിഹരിക്കുന്നു. അവര്‍ക്കെല്ലാം പാര്‍ട്ടിയുടെ സംരക്ഷണവുമുണ്ട്.
കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപമായ രീതിയില്‍ ബോംബ് നിര്‍മാണം നടക്കുന്നതും ബോംബുകള്‍ പലയിടങ്ങളിലായി കൂട്ടിവെയ്ക്കുന്നതും പലവട്ടം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കണ്‍വെട്ടത്തിലാണ് ഇതൊക്കെ നടക്കുന്നത്. എന്നാല്‍ ഭരണകക്ഷിയെ തൊടാന്‍ പോലീസിനു ഭയമാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരില്‍ അവര്‍ അറിയാതെ ഇലപോലും അനങ്ങില്ല. അക്രമണം നടത്തുന്നതിന് സിപിഎം എത്രത്തോളം ആസൂത്രിതമാണെന്നും അത് തടയുന്നതില്‍ പോലീസ് എത്ര നിഷ്‌ക്രിയമാണെന്നും തെളിയിക്കുന്നതാണ് കണ്ണൂര്‍ നഗരത്തിനോടു ചേര്‍ന്ന പ്രദേശത്ത് പട്ടാപ്പകലുണ്ടായ ബോംബേറും അതില്‍ ഒരു ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയ സംഭവവുമെന്നും സുധാകരന്‍ പറഞ്ഞു.
അതേ സമയം കണ്ണൂർ തോട്ടടയിൽ കല്യാണ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാംപ്രതി മരിച്ച ജിഷ്ണുവിന്‍റെ സുഹൃത്ത് തന്നെയായ അക്ഷയ് ആണെന്ന് പോലീസ്. ഏച്ചൂർ സ്വദേശിയായ ഷമിൽ രാജ് എന്നയാളുടെ കല്യാണത്തലേന്ന് ഉണ്ടായ പാട്ടിന്‍റെയും ആഘോഷത്തിന്‍റെയും പേരിലുണ്ടായ തർക്കത്തിൽ രണ്ട് സംഘം ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് മടങ്ങുമ്പോൾ വരന്‍റെ സുഹൃത്തുക്കളായ ഏച്ചൂർ സ്വദേശികളായ ഒരു സംഘം തലേന്ന് വഴക്കുണ്ടാക്കിയ തോട്ടടയിലെ ഒരു സംഘം യുവാക്കളെ ആക്രമിക്കാൻ ബോംബുമായി എത്തി. എതിർസംഘത്തെ എറിയുന്നതിനിടെ സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.












