ഹൈദരാബാദ്: യുനിഫോമുകൾ, ബുക്കുകൾ, സ്റ്റേഷനറി തുടങ്ങിയവയുടെ വിൽപനയിലൂടെ വിദ്യാർഥികളെ പിഴിഞ്ഞ് കാശുണ്ടാക്കരുതെന്ന് സ്വകാര്യ സ്കൂളുകൾക്ക് ഹൈദരാബാദ് ജില്ല വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവ്. മേയ് 30ന് പുറത്തിറക്കിയ ഓർഡറിന്റെ പകർപ്പ് എല്ലാ ഉപ വിദ്യാഭ്യാസ ഓഫിസർമാർക്കും ജില്ലയിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് സ്കൂൾസിനും അയച്ചിട്ടുണ്ട്.
സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പ്രകാരം പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ലാഭം ലക്ഷ്യമിട്ട് യൂനിഫോമിനു പുറമെ ഷൂസ്, ബെൽറ്റ് തുടങ്ങിയവയൊന്നും സ്കൂൾ പരിസരത്ത് വിൽപന നടത്തരുതെന്നും ഉത്തരവിലുണ്ട്.
ഹൈദരാബാദിലെ സ്വകാര്യ സ്കൂളുകൾ ഇത്തരത്തിൽ യൂനിഫോമും മറ്റും വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മണ്ഡല തലത്തിൽ കമ്മിറ്റി രൂപവത്കരിച്ച് നിരീക്ഷണം നടത്തണമെന്ന് ഉപ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബുക്ക്, നോട്ട്ബുക്ക്, സ്റ്റേഷനറി എന്നിവയൊന്നും ലാഭത്തിനായി സ്കൂൾ പരിസരങ്ങളിൽ വിൽക്കാൻ പാടില്ല. വ്യാപാരലക്ഷ്യത്തോടെയല്ലാതെ ഇവ വിതരണം ചെയ്യുന്നതിൽ തടസ്സമില്ലെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്.