എറണാകുളം: മട്ടാഞ്ചേരി സാർവജനിക് ബാങ്കിൽ നിന്ന് 14,00,000 രൂപ വായ്പയെടുത്ത് മുടങ്ങിയ വ്യക്തിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പ്രത്യേക മാനുഷിക പരിഗണനയും ഉദാര സമീപനവും സ്വീകരിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്ക് മാനേജർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. തൊഴിലെടുക്കാനാവാതെ ചികിത്സയിലാണ് പരാതിക്കാരനായ പെരുമ്പടപ്പ് സ്വദേശി സി.എൽ. ജോസഫ്. പരാതിക്കാരന്റെ മകൾ ജന്മനാ സംസാരശേഷി ഇല്ലാത്തയാളാണ്. ഭാര്യയും രോഗബാധിതയാണ്. കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നെങ്കിലും കൊവിഡ് കാലം മുതൽ തിരിച്ചടവ് മുടങ്ങി.
മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്കിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതി വസ്തുതാപരമായി ശരിയല്ലെന്നാണ് ബാങ്കിന്റെ വാദം. എന്നാൽ താൻ വായ്പ തിരിച്ചടക്കാൻ തയ്യാറാണെന്നും പ്രതിമാസം 15,000 രൂപ തിരിച്ചടവ് നടത്താൻ തയ്യാറാണെന്നും പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്.