ആലപ്പുഴ > സിനിമ സ്‌റ്റെലിൽ കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്രചെയ്‌ത യൂട്യൂബർ സഞ്‌ജു ടെക്കിക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കേസിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് സഞ്ജു ടെക്കി കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നത്. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതോടെ സഞ്ജുവിനെതിരെ ആർടിഒ എടുത്ത കേസ് കോടതിക്ക് കൈമാറാൻ തീരുമാനമായി. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്കാണ് കേസ് കൈമാറുന്നത്. പൂൾ നിർമിച്ച ടാറ്റാ സഫാരി കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും അർടിഒ അറിയിച്ചു. നിലവിൽ ആർടിഒയുടെ കസ്റ്റഡിയിലാണ് കാർ.
സഞ്‌ജു ടെക്കിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷൻ താൽക്കാലികമായി റദ്ദാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നു. വാഹനം ഓടിച്ച സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ്‌ചെയ്‌തു. സഞ്‌ജു ഉൾപ്പെടെ നാലുപേരും മോട്ടോർ വാഹനവകുപ്പിന്റെ മലപ്പുറം എടപ്പാളിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജൂൺ മൂന്നിന് ആരംഭിക്കുന്ന പരിശീലന പരിപാടിയിലും പങ്കെടുക്കണം. ശേഷം ഒരാഴ്‌ച ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം നടത്തണമെന്നും നിർദേശമുണ്ട്.
മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തതിനെയും പരിഹസിക്കുന്ന തരത്തിൽ സഞ്ജു ടെക്കി വീണ്ടും വീഡിയോ ചെയ്തിരുന്നു. വിഷയം വാർത്തയായതും കേസെടുത്തതും ഗുണമായെന്നും 10 ലക്ഷം രൂപ മുടക്കിയാൽ പോലും കിട്ടാത്ത റീച്ചാണ് ഇപ്പോൾ കിട്ടിയതെന്നും സഞ്ജു പറഞ്ഞിരുന്നു. ഇതോടെയാണ് നിലപാട് കടുപ്പിക്കാൻ എംവിഡി തീരുമാനിച്ചത്.
സഞ്‌ജുവിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സഫാരി കാറിനുള്ളിൽ കുളമൊരുക്കി യാത്ര ചെയ്യുന്ന വീഡിയോ മെയ് 17നാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തത്. സഞ്‌ജുവും അച്ഛനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കാറിന്റെ പിൻഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി ടാർപോളിൻ വലിച്ചുകെട്ടി അതിൽ വെള്ളം നിറച്ചാണ് കുളം ഒരുക്കിയത്. ഡ്രൈവർ ഒഴികെയുള്ളവർ ഇരുന്നും കിടന്നുമൊക്കെയാണ് പകൽ സമയം ഗതാഗതത്തിരിക്കുള്ളപ്പോൾ ദേശീയപാത ഉൾപ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര. വെള്ളത്തിന്റെ മർദം കാരണം ഡ്രൈവർ സീറ്റിന്റെ സൈഡ് എയർബാഗ് പുറത്തേക്ക് വരുന്നതും ഡോർ തുറന്ന് വെള്ളം റോഡിലേക്ക് ഒഴുക്കുന്നതും വീഡിയോയിൽ കാണാം. കാർ യാത്രക്കാരുടെ മാത്രമല്ല പുറത്തുമുള്ളവരുടെ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തിലുള്ള പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ഇതിലെ നിയമലംഘനങ്ങളും വലിയ ചർച്ചയായിരുന്നു. മറ്റുവാഹനങ്ങളുടെയും ആളുകളുടെയും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ ആറ് വകുപ്പുകൾ ചുമത്തിയാണ് മോട്ടോർ വാഹനവകുപ്പ് കേസെടുത്തത്.