മലപ്പുറം > നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. താനൂര്‍ ഒഴൂര്‍ ഓമച്ചപ്പുഴയിലാണ് സംഭവം. കൊല്‍ക്കത്ത സ്വദേശി ജാമിലൂന്‍ ആണ് മരിച്ചത്.അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അകറലി, സുറാബലി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
ഒഴൂർ ഓമച്ചപ്പുഴ മേൽമുറി സ്വദേശി കാവുംപുറത്ത് സൈനുൽ ആബിദിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സ്ലാബാണ് തകർന്നത്. പാരപ്പറ്റിന് മുകളിലായി നിർമ്മിച്ച ഷോ വാൾ തകർന്ന് വീഴുകയായിരുന്നു. സ്ലാബിനെ താങ്ങി നിർത്താൻ പാകത്തിൽ തൂണുകളാേ, ചുവരോ ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്. പത്തടിയോളം നീളമുള്ള കോൺക്രീറ്റ് സ്ലാബ് തകർന്ന് താഴേക്ക് പതിച്ചു. വീടിനോട് ചേർന്നുള്ള തെങ്ങിൽ തട്ടിയതിനനെ തുടർന്ന് സൺഷെെഡിൽ തങ്ങി. ഈ രണ്ട് സ്ലാബുകൾക്കിടയിൽ കുടുങ്ങിയതാണ് തൊഴിലാളിയുടെ മരണത്തിന് കാരണമായത്.
ഗുരുതരമായി പരിക്കേറ്റ ജുമൈറുൽ ഖാനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. താനൂരിൽ നിന്നും ഫയർഫോഴ്സ് സംഘവും, പൊലീസും ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.