കോഴിക്കോട്: സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ ശ്രദ്ധേയമായി മാധ്യമം വെളിച്ചം പുതു അധ്യയന പതിപ്പ്. സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കൈകളിലേക്കാണ് വെളിച്ചം പ്രത്യേക പതിപ്പ് എത്തിയത്. എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ വെളിച്ചം സപ്ലിമെൻറിന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഹൈബി ഈഡൻ എം.പിക്ക് നൽകി നിർവ്വഹിച്ചു. മന്ത്രി പി. രാജീവ്, കൊച്ചി മേയർ അഡ്വ. അനിൽകുമാർ, ടി.ജെ.വിനോദ് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ്.
വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഒരു അധ്യയന വർഷം അറിയേണ്ടതെല്ലാം ഉൾപ്പെടുത്തിയാണ് 16 പേജ് വെളിച്ചം സപ്ലിമെന്റ് പുറത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേരള സിലബസിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ വിദ്യാർഥികൾക്ക് ഇവ ഉപകാരപ്രദമാകുന്ന രീതിയിൽ നൂതന സാങ്കേതിക വിദ്യയെയും ആർട്ടിഫിഷ്യൽ ഇന്ററലിജൻസ്, റോബോട്ടിക്സ് തുടങ്ങിയവയെ കൂട്ടുപിടിച്ചാണ് വെളിച്ചം പ്രത്യേക പതിപ്പ് വിദ്യാർഥികളിലേക്കെത്തിച്ചത്.
വിദ്യാഭ്യാസം വെറും ജോലി ആവശ്യത്തിനോ കരിയർ ഡെവലപ്മെന്റിനോ മാത്രമല്ല, നല്ല മനുഷ്യനാകുന്നതിന് കൂടിയാണ്. അതിൽ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ നമ്മൾ ശീലിക്കേണ്ട കാര്യങ്ങൾ -മറ്റുള്ളവരോട് നന്നായി പെരുമാറാനും സ്നേഹം, ദയ, സൗഹൃദം തുടങ്ങിയവ അവരിൽ വളർത്തുന്നതിനും ചെയ്യേണ്ടവ. പാഠ പുസ്തകത്തിനപ്പുറം കുട്ടികൾ അറിയേണ്ട കാര്യങ്ങൾ -പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം തുടങ്ങിയവ വെളിച്ചം പ്രത്യേക പതിപ്പിലുണ്ട്.
കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്സ്, റോബോട്ടിക്സ് എന്നിവ പഠനത്തിനും ക്ലാസ്മുറികളിലും എങ്ങനെ ഉപയോഗപ്രദമാക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയിലേക്ക് കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ഫോണുകളിലും മറ്റും അവർക്ക് പ്രാക്ടിക്കലി ചെയ്തുനോക്കാൻ കഴിയുന്നവ. സ്കൂൾ പഠനത്തിനൊപ്പം റോബോട്ടിക്സ് പഠനം, ഏറ്റവും പുതിയ സാധ്യതകൾ തുടങ്ങിയവയെല്ലാം പ്രത്യേക പതിപ്പിൽ വായിച്ചറിയാം. അതോടൊപ്പം വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം മുഴുവൻ സൂക്ഷിച്ചുവെക്കാവുന്ന അക്കാദമിക് കലണ്ടറും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്.