മുംബൈ: അറസ്റ്റ് വൈകിയതിനാലാണ് വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും രക്ഷപ്പെട്ടതെന്ന് മുംബൈ കോടതി. അന്വേഷണ ഏജൻസികൾ ഇവരെ കൃത്യസമയത്ത് അറസ്റ്റ് ചെയ്യാത്തതിനാലാണ് മൂവർക്കും രാജ്യം വിടാൻ അവസരമൊരുങ്ങിയതെന്ന് കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ വ്യോമേഷ് ഷായെന്നയാളുടെ ഹരജി പരിഗണിക്കുന്നതിനിടെ ജഡ്ജി എം.ജി ദേശ്പാണ്ഡയാണ് പരാമർശം നടത്തിയത്.
ജാമ്യാപേക്ഷയിൽ ഇളവ് തേടിയായിരുന്നു വ്യോമേഷ് ഷാ കോടതിയെ സമീപിച്ചത്. തനിക്ക് വിദേശത്തേക്ക് പോകാൻ അനുമതി നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ, അപേക്ഷയെ ഇ.ഡി എതിർത്തു. ഇയാൾ വിദേശത്തേക്ക് പോയാൽ ചിലപ്പോൾ തിരിച്ചു വരില്ലെന്നും മുമ്പുണ്ടായിരുന്ന അനുഭവം ആവർത്തിക്കുമെന്നും ഇ.ഡി ആശങ്ക പ്രകടിപ്പിച്ചു.
ഇതിന് പിന്നാലെ അന്വേഷണ ഏജൻസികളുടെ പിടിപ്പുകേട് മൂലമാണ് വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും രാജ്യം വിട്ടതെന്ന് കേസ് പരിഗണിച്ച ജഡ്ജി ദേശ്പാണ്ഡ പറഞ്ഞു. അന്വേഷണ ഏജൻസികൾ കൃത്യസമയത്ത് ഇവരെ അറസ്റ്റ് ചെയ്യാത്തത് മൂലമാണ് എല്ലാവരും രാജ്യം വിട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ഡി ചെയ്ത തെറ്റ് ആവർത്തിക്കാനില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യം വിട്ട നീരവ് മോദിയും വിജയ് മല്യയും യു.കെയിലാണ് ഇപ്പോഴുള്ളത്. ഇരുവരേയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. മെഹുൽ ചോക്സി ഇപ്പോൾ ഡൊമിനിക്കയിലാണുള്ളത്. ചോക്സിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളുമായി അന്വേഷണ ഏജൻസികൾ മുന്നോട്ട് പോവുകയാണ്.
കള്ളപ്പണകേസിൽ 2022ലാണ് വ്യോമേഷ് അറസ്റ്റിലാവുന്നത്. പിന്നീട് ഇയാൾക്ക് ജാമ്യം അനുവദിച്ചപ്പോൾ രാജ്യംവിടരുതെന്ന നിബന്ധനവെച്ചിരുന്നു. എന്നാൽ, ജോലിയുടെ ഭാഗമായി തനിക്ക് നിരന്തരമായി വിദേശയാത്ര നടത്തേണ്ടി വരുമെന്ന് അതിനാൽ ജാമ്യാപേക്ഷയിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് വ്യോമേഷ് കോടതിയെ സമീപിക്കുകയായിരുന്നു.