തിരുവനന്തപുരം: കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ അറിയിപ്പ്. മറ്റൊരു ചക്രവാതചുഴി തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസമായി വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തിൽ കാറ്റും വീശും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂൺ മൂന്ന്) അതിശക്തമായ മഴക്കും, അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.