ഹൈദരാബാദ്: രാമജന്മഭൂമിക്ക് ശേഷം ഹനുമാന്‍ ജന്മഭൂമിയെച്ചൊല്ലി പുതിയ വിവാദം ഉയരുകയാണ്. കര്‍ണ്ണാടകയിലെയും ആന്ധ്രാ പ്രദേശിലെയും രണ്ട് ഹിന്ദു ട്രസ്റ്റുകള്‍ക്കിടയിലാണ് തര്‍ക്കമുള്ളത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഈ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടന്നെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
രാമനവമി നാളില്‍ ഹനുമാന്റെ ജന്മസ്ഥലമായി ഔപചാരിക പ്രതിഷ്ഠ നടന്ന തിരുമല ഹില്‍സിലെ തീര്‍ത്ഥാടന കേന്ദ്രമായ അഞ്ജനാദ്രിയില്‍ സൗകര്യ വികസനത്തിനായി ആന്ധ്രാ പ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) ബുധനാഴ്ച ഒരു ചടങ്ങ് നടത്തുകയാണ്. എന്നാല്‍ കര്‍ണാടകയിലെ ശ്രീ ഹനുമദ് ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്.
ഹംപിക്കടുത്ത് തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന കിഷ്‌കിന്ധയിലെ അഞ്ജനഹള്ളിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന് വാല്‍മീകി രാമായണം വ്യക്തമാക്കുന്നതായാണ് ശീ ഹനുമദ് ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പറയുന്നത്.ദേശീയ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി. മുരളീധര്‍ ശര്‍മ്മയുടെ നേതൃത്വത്തിലെ ടി.ടി.ഡി കമ്മിറ്റി പുരാണങ്ങളും ചെമ്പ് ലിഖിതങ്ങളും ഹനുമാന്റെ ജന്മസ്ഥലമായി പരാമര്‍ശിക്കുന്നത് അഞ്ജനാദ്രിയെയാണെന്ന് പറഞ്ഞിരുന്നു. അഞ്ജനാദ്രിയുടെ അവകാശവാദത്തിന് അടിവരയിടുന്ന ഒരു ലഘുലേഖ ടി.ടി.ഡി ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2020 ഡിസംബറില്‍ രൂപീകരിച്ച എട്ടംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഘുലേഖ തയാറാക്കിയിരുന്നത്. അന്ന് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആറ് പേജുള്ള കത്ത് നല്‍കിയാണ് ടിടിഡിയുടെ റിപ്പോര്‍ട്ടിനെ പ്രതിരോധിച്ചത്.
നിരവധി വേദ, പുരാണ പണ്ഡിതര്‍ അംഗീകരിച്ച പുരാണ, സാഹിത്യ, പുരാവസ്തു, ഭൂമിശാസ്ത്ര തെളിവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത്, തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്നും ടി.ടി.ഡി അവകാശപ്പെടുന്നു.ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന മധ്യപ്രദേശിലെ ചിത്രകൂടില്‍ നിന്നുള്ള കണ്ണിന് കാഴ്ചയില്ലാത്ത സ്വാമിയാണ് തങ്ങള്‍ക്ക് തെളിവുകള്‍ നല്‍കിയതെന്ന് ടി.ടി.ഡി സി.ഇ.ഒ ജവഹര്‍ റെഡ്ഡി പറഞ്ഞു.