അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിൽ ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടി ബിഎസ്എഫ്. പഞ്ചാബ് പൊലീസുമായി ചേർന്ന് നടത്തിയ ദൗത്യത്തിൽ ഇവരിൽ നിന്ന് രണ്ട് കോടിയോളം രൂപയും പിടിച്ചെടുത്തു. പഞ്ചാബിലെ അമൃത്സറിലെ കാക്കർ ഗ്രാമത്തിൽ നിന്നാണ് രണ്ട് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടിയത്. കാക്കർ ഗ്രാമത്തിലെ ഒരു വീടിന് ഉള്ളിൽ രണ്ട് മയക്കുമരുന്ന് സംഘാംഗങ്ങൾ ഒളിച്ചിരിക്കുന്നു എന്ന് ബിഎസ്എഫിന്റെ ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തിന്റെ തുടക്കം.
പഞ്ചാബ് പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത്. രണ്ട് കോടിയോളം രൂപയും ഒരു ലാപ്ടോപ്പും മൂന്ന് സ്മാര്‍ട്ട് ഫോണുകളും രണ്ട് കീപാഡ് ഫോണുകളും പിടിച്ചെടുത്തു. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും ഏറെ ദുരമില്ലാത്തിടത്ത് നിന്ന് പിടികൂടിയ ലഹരിക്കടത്ത് സംഘാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യുകയാണ് ബിഎസ്എഫ്.
പാകിസ്ഥാനിലുള്ള ലഹരിക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നാണ് ബിഎസ്എഫ് പരിശോധിക്കുന്നത്. പ്രതികൾക്ക് അന്താരാഷ്ട്ര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുമെന്ന് മാധ്യമങ്ങളോട് സംസാരിച്ച ബിഎസ്എഫ് വക്താവ് പറഞ്ഞു. കഴിഞ്ഞ മാസവും പഞ്ചാബ് പൊലീസും ബിഎസ്ഫും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ലഹരിക്കടത്ത് സംഘങ്ങളെ പിടികൂടിയിരുന്നു.