രാജ്യമാകെ ചർച്ചയായ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കിയ ഇന്ത്യ മുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഛണ്ഡീഗഡ് സീറ്റിൽ തിളക്കമാർന്ന ജയം. വാരണാധികാരി അടക്കം കൂട്ടുനിന്ന മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളി തുറന്നുകാട്ടപ്പെട്ട പ്രചാരണത്തിൽ മറുപടിയില്ലാതെ വിയർത്താണ് ബിജെപി പിന്നിൽ പോയത്. മേയറാവാൻ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപിയെ ജയിപ്പിക്കുന്നതിനായി വരണാധികാരിയായിരുന്ന അനിൽ മസീഹാണ് ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിച്ചത്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ രാജ്യം മുഴുവൻ വ്യാപിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.
ഛണ്ഡീഗഢിൽ ബിജെപിയുടെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ച സംഭവമായിരുന്നു ഇത്. നാണക്കേടിൽ നിന്ന് പാർട്ടി നേതൃത്വം പുറത്തുകടക്കുന്നതിന് മുമ്പ് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വലിയ വെല്ലുവിളിയായി. ബിജെപിയുടെ സഞ്ജയ് ടണ്ടനും കോൺഗ്രസിൻ്റെ മനീഷ് തിവാരിയുമായിരുന്നു ഇവിടുത്തെ സ്ഥാനാർഥികൾ. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ നിർത്താതെ ഇന്ത്യ സഖ്യം എന്ന നിലയിൽ കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു. മേയർ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ചാണ് നിന്നത്. ഇന്ത്യാ സഖ്യം രൂപീകരിച്ച ശേഷം ആദ്യമായി പാർട്ടികൾ ഒന്നിച്ച് നടത്തിയ ഒരു പോരാട്ടം കൂടിയായിരുന്നു ഛണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയെ ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസും എഎപിയും ഒരേ പോലെ പ്രചാരണം നടത്തി. ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ 2504 വോട്ടിൻ്റെ ഭുരിപക്ഷത്തിലാണ് മനീഷ് തിവാരി ജയിച്ചു കയറിയത്. മനീഷ് തിവാരി 2,16,657 വോട്ടുകളും, സഞ്ജയ് ടണ്ടൻ 2,14,153 വോട്ടുകളും നേടി. 10 വർഷത്തിന് ശേഷം ബിജെപിക്ക് മണ്ഡലം നഷ്ടമായതിൻ്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം.
ജനുവരിയിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ എട്ട് വോട്ടുകളാണ് വരണാധികാരിയായിരുന്ന അനിൽ മസീഹ് അസാധുവായി പ്രഖ്യാപിച്ചത്. ചണ്ഡീഗഢിലെ എട്ട് വർഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുന്നതിന് ആംആദ്മി പാർട്ടിയും കോൺഗ്രസും ചേർന്നാണ് ബിജെപിയെ നേരിട്ടത്. 35 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി, കോൺഗ്രസ് സഖ്യത്തിന് 20 അംഗങ്ങളുടെയും ബിജെപിക്ക് 15 അംഗങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. ബിജെപിക്ക് തോൽവി ഉറപ്പായിരുന്നു. എന്നാൽ മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെ ബിജെപി സ്ഥാനാർഥി മനോജ് സോങ്കർ മേയറായി.
പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച കോൺഗ്രസ്-എഎപി സഖ്യത്തിന് അനുകൂല വിധി ലഭിച്ചു. ബിജെപി നേതാവ് കൂടിയായ അനിൽ മസീഹ് കൃത്രിമം കാണിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് മുഖ്യതെളിവായി കോടതി സ്വീകരിച്ചു. ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം സുപ്രീംകോടതി റദ്ദാക്കി. എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ മേയറായി പരമോന്നത കോടതി പ്രഖ്യാപിച്ചു. കുല്‍ദീപ് കുമാറിന് 20 വോട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് 16 വോട്ടും ലഭിച്ചതായി സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
എന്നാൽ ഛണ്ഡീഗഢ് മണ്ഡലത്തിൽ മേയർ തെരഞ്ഞെടുപ്പിൽ വോട്ടിൽ കൃത്രിമം കാട്ടിയത് ബി.ജെ.പിയുടെ തോൽവിക്കുള്ള ഒരു കാരണം മാത്രമായിട്ടാണ് കണക്കാക്കുന്നത്. ബിജെപി എം.പിയായിരുന്ന കിരൺ ഖേറിനെതിരെ ഭരണ വിരുദ്ധ വികാരം മണ്ഡലത്തിൽ ഉണ്ടായിരുന്നു. ഇത് മനസിലാക്കിയാണ് മണ്ഡലത്തിൽ സഞ്ജയ് ടണ്ടനെ ബിജെപി സ്ഥാനാർഥിയാക്കിയത്. മോദി സർക്കാരിൻ്റെയും കിരൺ ഖേറിൻ്റെയും കുറവുകൾ അക്കമിട്ട് നിരത്തി പ്രചാരണം നടത്തുന്നതിൽ മനീഷ് തിവാരി ജയിച്ചു. രണ്ടു തവണ മോദി പ്രഭാവത്തിൽ മാത്രമായിരുന്നു ബിജെപി ഇവിടെ ജയിച്ചിരുന്നത്. എന്നാൽ ഇത്തവണ അത് പോരാതെ വന്നു. ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ മൂന്ന് ശതമാനം കുറവുണ്ടായി. ഉൾപ്പാർട്ടി പോരിലേക്കാണ് തെരഞ്ഞെടുപ്പ് പരാജയം ഇപ്പോൾ വിരൽ ചൂണ്ടുന്നത്.