ചെന്നൈ: തമിഴ് സിനിമ ലോകത്തില്‍ ഒരുകാലത്ത് റൊമാന്‍റിക് ഹീറോയായി വന്ന് ഏറെ വിജയങ്ങള്‍ നേടിയ താരമാണ് മോഹന്‍. 1980 ല്‍ മൂടുംപനി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ മോഹന്‍റെ രണ്ടാമത്തെ ചിത്രം നെഞ്ചത്തെ കിള്ളാതെ ആക്കാലത്ത് ഒരുവര്‍ഷത്തോളം തീയറ്ററില്‍ ഓടി. മഹേന്ദ്രനായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. തമിഴ് സിനിമ ലോകം ബോക്സോഫീസ് വിജയങ്ങളാല്‍ ഇദ്ദേഹത്തെ സില്‍വര്‍ ജൂബിലി സ്റ്റാര്‍ എന്നാണ് അന്ന് വിളിച്ചിരുന്നത്.
പലചിത്രങ്ങളും കൈയ്യില്‍ മൈക്ക് പിടിച്ച് ഗാന രംഗങ്ങളില്‍ അഭിനയിച്ചതിനാല്‍ ‘മൈക്ക് മോഹന്‍’ എന്ന പേരും ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ സ്ഥിരം പാറ്റേണിലുള്ള റൊമാന്‍റിക് ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുവന്നതോടെ ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ 80കളുടെ രണ്ടാം പാദത്തോടെ ബോക്സോഫീസില്‍ നിരന്തരം പരാജയപ്പെട്ടു. ഈ സമയത്ത് മലയാളത്തിലും, തെലുങ്കിലും ഒക്കെ ഭാഗ്യം പരീക്ഷിച്ചിരുന്നെങ്കിലും 80കളുടെ അവസാനത്തോടെ മോഹന്‍ ശരിക്കും നായകന്‍ എന്ന നിലയില്‍ സിനിമയില്‍ നിന്നും പുറത്തായി.
1990 കളോടെ മോഹൻ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് എയ്ഡ്‌സ് ബാധിച്ചതായി ഗോസിപ്പ് വന്നിരുന്നു. അന്ന് ഈ വാര്‍ത്ത വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ മോഹൻ ഈ വിഷയത്തെക്കുറിച്ച് പരസ്യമായി ഒരു പ്രതികരണവും നടത്തിയിരുന്നില്. ഇപ്പോഴിതാ പതിറ്റാണ്ടുകള്‍ക്കിപ്പുറം വരാനിരിക്കുന്ന “ഹര” എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ അദ്ദേഹം അന്ന് പ്രചരിച്ച കിംവദന്തിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
എയ്ഡ്‌സ് പിടിപെട്ടുവെന്ന അഭ്യൂഹങ്ങൾ അന്ന് കാട്ടുതീ പോലെ പടർന്നപ്പോൾ താൻ നേരിട്ട ദുരനുഭവം മോഹൻ വിവരിച്ചു. വാർത്തയറിഞ്ഞ് എന്‍റെ ആരാധകർ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി. ചിലര്‍ കുഴഞ്ഞുവീഴുന്നതും മറ്റും കണ്ടിട്ടുണ്ടെന്ന് മോഹന്‍ പറയുന്നു. അന്നത്തെ ഈ കിംവദന്തി അദ്ദേഹത്തെയും കുടുംബത്തെയും വളരെയധികം വിഷമിപ്പിച്ചു.
എയ്ഡ്‌സ് അഭ്യൂഹങ്ങൾ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ തന്നെ സമീപിച്ചതായി മോഹൻ പറഞ്ഞു. വാർത്തകൾ തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ടല്ലോ, അത് തെറ്റാണ് എന്ന് പറഞ്ഞാല്‍പ്പോരെ എന്തിന് താന്‍ പ്രസ്താവന നടത്തണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകനോട് തിരിച്ചുചോദിച്ചത്.
അന്നത്തെ സാഹചര്യത്തിൽ നിരാശയും രോഷവും കൊണ്ടാണ് അന്ന് അങ്ങനെ ചോദിച്ചത്. അടിസ്ഥാനരഹിതമായ ഇത്തരം ഗോസിപ്പുകള്‍ നിരസിക്കാനുള്ള ഉത്തരവാദിത്തം തനിക്കില്ലെന്ന് മോഹന്‍ വിശ്വസിച്ചു. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക് തന്നെ ഇത്തരം കാര്യങ്ങള്‍ നുണയാണെന്ന് വ്യക്തമായി അറിയാവുന്ന സ്ഥിതിക്ക് താന്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ അടിയുറച്ചു നിന്നെന്ന് “ഹര” എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ വ്യക്തമാക്കി.
വിജയ് നായകനായി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ മോഹന്‍ എത്തുന്നുണ്ട്. വളരെക്കാലത്തിന് ശേഷമാണ് മോഹന്‍ പ്രധാന വേഷത്തില്‍ ഒരു പ്രമുഖ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതിന് മുന്‍പാണ് ഈ മാസം ഇദ്ദേഹം അഭിനയിക്കുന്ന “ഹര” റിലീസാകുന്നത്.