കുവൈത്ത് സിറ്റി : വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ക്കുള്ള കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാരം ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇളവുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അറിയിപ്പ് പ്രകാരം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പും കുവൈത്തില്‍ എത്തിയ ശേഷവും കൊവിഡ് പി.സി.ആര് പരിശോധന നടത്തേണ്ടതില്ല. ഒപ്പം രാജ്യത്ത് എത്തിയ ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വക്താവും ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തലവനുമായ താരിഖ് അല്‍ മസ്റമാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.