ന്യൂഡൽഹി: എൻ.ഡി.എയുടെ സർക്കാർ രൂപീകരണത്തിൽ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ കിങ് മേക്കറാണെങ്കിൽ ബിഹാറിന് വേണ്ടി അദ്ദേഹം പ്രത്യേക പദവി നേടിയെടുക്കുകയാണ് വേണ്ടതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഇതിനൊപ്പം രാജ്യത്ത് ജാതിസെൻസെസ് നടത്താനുള്ള ഇടപെടലും ഉണ്ടാവണമെന്ന് തേജസ്വി ആവശ്യപ്പെട്ടു.
ബിഹാർ കിങ് മേക്കറായി ഉയർന്ന് വന്നിരിക്കുകയാണ്. ഏത് സർക്കാർ വന്നാലും ഇത് ഇങ്ങനെ തന്നെയായിരിക്കും. കിങ്മേക്കർ പ്രത്യേക പദവി ലഭിക്കാനും രാജ്യത്ത് ജാതി സെൻസെസിനും വേണ്ടി ഇടപെടണമെന്ന് തേജസ്വി പറഞ്ഞു.
ബിഹാറിന് പ്രത്യേക പദവിയെന്നുള്ളത് വളരെ പഴക്കമുള്ള ആവശ്യമാണ്. നിതീഷ് കുമാറും ഇതിനെ പിന്തുണച്ചിട്ടുണ്ട്. ഇത് നേടിയെടുക്കാൻ കിങ് മേക്കറിന് വളരെ നല്ലൊരു അവസരമാണ് കൈവന്നിരിക്കുന്നതെന്നും തേജസ്വി പറഞ്ഞു. നേരെ ഇൻഡ്യ, എൻ.ഡി.എ മുന്നണി യോഗങ്ങൾക്കായി തേജസ്വിയും നിതീഷും ഒരേ വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ഇരുവരും ഒന്നിച്ച് വിമാനത്തിലിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 240 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. അതുകൊണ്ട് സർക്കാർ രൂപീകരണത്തിൽ 16 സീറ്റ് ലഭിച്ച ടി.ഡി.പിയുടേയും 12 സീറ്റുള്ള ജെ.ഡി.യുവിന്റേയും പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്.