ന്യൂഡൽഹി: മാണ്ഡിയിൽ നിന്ന് 74000 വോട്ടുകളുടെ പിൻബലത്തിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി കങ്കണ റണാവുത്ത് ന്യൂഡൽഹിയിലേക്ക്. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നിരവധി ചിത്രങ്ങളാണ് 37കാരിയായ താരം സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പാർലമെന്റിലേക്കുള്ള യാത്രയിൽ എന്നാണ് കാപ്ഷൻ… ഡൽഹി വിളിക്കുന്നു എന്ന കാപ്ഷനിൽ ഒരു സെൽഫിയും കങ്കണ പങ്കുവെച്ചിട്ടുണ്ട്. കങ്കണക്ക് കാബിനറ്റ് പദവി ലഭിക്കുമോ എന്ന് ഉറ്റുനോക്കുന്നവരുമുണ്ട്.
തന്റെ മണ്ഡലത്തിലെ ആളുകളെ സേവിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചിരുന്നു. ”മുംബൈയിലേക്ക് പെട്ടിയുമെടുത്ത് പോകും എന്ന് ആശങ്കപ്പെടുന്നവരോടാണ്…ഹിമാചൽ പ്രദേശ് എന്റെ ജൻമനാടാണ്. ജനങ്ങളെ സേവിക്കാനായി ഞാനിവിടെ തന്നെയുണ്ടാകും. എവിടെയും പോകില്ല. പെൺമക്കളെ അപമാനിച്ചവർക്ക് മാണ്ഡി ഒരിക്കലും മാപ്പു നൽകിയിട്ടില്ല. ചിലയാളുകൾക്ക് എത്രയും പെട്ടെന്ന് അവരുടെ ബാഗുകളുമെടുത്ത് നാടുവിട്ടുപോകാം. ”-എന്നായിരുന്ന കങ്കണയുടെ പ്രതികരണം.
കഴിഞ്ഞ മാർച്ചിലായിരുന്നു കങ്കണയെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തന്നെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിൽ നടി പാർട്ടിക്ക് നന്ദിയും അറിയിച്ചു. തന്നെ സംബന്ധിച്ച് സ്ഥാനാർഥിത്വം ബഹുമതിയായി കരുതുന്നുവെന്നായിരുന്നു അവരുടെ മറുപടി.
ഹിമാചൽ പ്രദേശിൽ ആറുതവണ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് ആയിരുന്നു കങ്കണയുടെ എതിരാളി. 2014ലും 2019ലും മാണ്ഡിയിൽ ബി.ജെ.പിയാണ് ജയിച്ചത്