ലോകം ഇന്ന് ഓരോരുത്തരുടെയും കൈകളിലെ മൊബൈലിനുള്ളിലാണ്. ഇന്‍റർനെറ്റിന്‍റെ കടന്ന് വരവും സമൂഹ മാധ്യമങ്ങളും ലോകത്തിന്‍റെ ശ്ലീലാശ്ലീലങ്ങളെ പോലും മാറ്റിമറിച്ചു. ജീവിത രീതികള്‍ പലതും മാറി. ആളുകളുടെ അഭിരുചികള്‍ മാറി. ഓരോ സമൂഹത്തിലേക്കും പുറമേ നിന്നുള്ള സ്വാധീനം ശക്തമായി പ്രതിഫലിച്ചു തുടങ്ങി. വസ്ത്രത്തിലും ഭക്ഷണത്തിലും കാഴ്ചകളിലും കാഴ്ചപ്പാടില്‍ പോലും ഈ മാറ്റം ഇന്ന് ദൃശ്യമാണ്. അതേസമയം പൊതുസമൂഹത്തില്‍ നിന്നും അകന്ന് അതിന്‍റെ ബഹളങ്ങളിലൊന്നും ഉള്‍പ്പെടാതെ ജീവിക്കുന്ന നിരവധി സമൂഹങ്ങള്‍ ലോകമെങ്ങുമുണ്ട്. അവരില്‍ ചിലര്‍ വിദൂരമായ ദ്വീപുകളിലോ മറ്റ് ചിലര്‍ വനാന്തര്‍ഭാഗങ്ങളിലോ ആണ് ജീവിക്കുന്നത്. എന്നാല്‍, ഇത്തരം സമൂഹങ്ങളില്‍ പോലും ഇന്ന് മാറ്റത്തിന്‍റെ കാറ്റ് വീശിയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
എലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക്, ആമസോണ്‍ കാടുകളില്‍ പോലും ഇന്ന് സാന്നിധ്യം ഉറപ്പിച്ചു. ഇതോടെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ആമസോണ്‍ കാടുകളില്‍ ജീവിച്ചിരുന്ന ഗോത്രങ്ങളില്‍ പോലും ഇന്ന് ഇന്‍റര്‍നെറ്റ് ലഭ്യമായി. പക്ഷേ, ഈ പുതുലോകം അവരെ തികച്ചും മോശമായാണ് സ്വാധീനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം ഇത്തരം സമൂഹങ്ങളില്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങളാണ് സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയോടുള്ള ആസക്തിയും അശ്ലീല ചിത്രങ്ങളോടുള്ള അമിത താത്പര്യവും ഓൺലൈൻ തട്ടിപ്പുകളും ഇത്തരം സമൂഹങ്ങളെ മോശമായി ബാധിച്ചു.
ആമസോണ്‍ കാടുകളില്‍ താമസിക്കുന്ന മറൂബോ ഗോത്രമാണ് തങ്ങള്‍ക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. 2022-ൽ സ്റ്റാർലിങ്ക്, ബ്രസീലിൽ സാന്നിധ്യം അറിയിച്ചതോടെ അതിവേഗ ഡിജിറ്റൽ കണക്ഷൻ സാധ്യമായി. 73 കാരിയായ സൈനാമ മരുബോ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത് ‘അത് എത്തിയപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു.’ എന്നായിരുന്നു. സ്വന്തമായി ഭാഷയുള്ള ഇറ്റുയി നദിക്കരയിൽ നൂറുകണക്കിന് കിലോമീറ്ററുകൾ ചിതറിക്കിടക്കുന്ന ഒരു ഗോത്രമാണ് മറൂബോ ഗോത്രം. ഇന്ന് ഈ ഗോത്രത്തിലെ യുവാക്കള്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ കളികള്‍ തത്സമയം കാണുന്നു. വാട്സാപ്പിലൂടെ പലരുമായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു. നദിയുടെ കരയില്‍ കിലോമീറ്റര്‍ ദൂരെ താമസിക്കുന്നവരുമായി വീഡിയോ കോളുകള്‍ ചെയ്യുന്നു.
പക്ഷേ, അവര്‍ മറ്റൊന്ന് കൂടി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. മറൂബോ ഗോത്രത്തിനിടയില്‍ കാര്യങ്ങള്‍ വഷളായിരിക്കുന്നുവെന്ന്. ഇന്‍റര്‍നെറ്റ് വന്നതോടെ ചെറുപ്പക്കാര്‍ മടിയന്മാരായി മാറി. പലരും കാട്ടില്‍ കയറി സാധനങ്ങള്‍ ശേഖരിക്കുന്നതില്‍ മടി കാണിക്കുന്നു. അവര്‍ വെള്ളക്കാരുടെ വഴികള്‍ പഠിക്കുകയാണ്. പരമ്പരാഗത ഗോത്ര സംസ്കാരത്തില്‍ ചുംബനവും മറ്റ് പരസ്യ സ്‌നേഹ പ്രകടനങ്ങളും നിഷിദ്ധമാണ്. പക്ഷേ. ഇന്‍റര്‍നെറ്റിന്‍റെ വരവോടെ പുതിയ തലമുറ കൂടുതലായി അശ്ലീല ചിത്രങ്ങള്‍ കാണുന്നു. ഇന്ന് പൊതു ഇടങ്ങളില്‍ പോലും യുവാക്കള്‍ ലൈംഗിക ചുവയോടെ സംസാരിക്കുന്നു. മാത്രമല്ല, പൊതു ഗ്രൂപ്പുകളില്‍ പോലും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നു. ഇത് ഗോത്രത്തിന്‍റെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്നെന്നും മറൂബോ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റിയുടെ തലവനായ ആൽഫ്രെഡോ മറൂബോ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.