കോട്ടയം : നയതന്ത്ര ബാഗേജിലൂടെ യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയതിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്യുലർ) ചെയർമാൻ പി.സി.ജോർജ് ആരോപിച്ചു. എൻ.ഐ.എ.യിലെ ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുംചേർന്നാണ് ഗൂഢാലോചന നടത്തിയത്. സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷിക്കണം. അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2016-ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ. സന്ദർശിച്ചിരുന്നു. അവിടെയെത്തിയശേഷം ബാഗ് കൊണ്ടുപോകാൻ മറന്നെന്നുപറഞ്ഞ് ശിവശങ്കർ, യു.എ.ഇ. കോൺസുലേറ്റിലേക്ക് വിളിച്ച് ബാഗ് നയതന്ത്ര പാഴ്‌സലായി അയച്ച് മുഖ്യമന്ത്രിയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നെത്തിച്ച ബാഗേജ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്നാ സുരേഷ് ഏറ്റുവാങ്ങി യു.എ.ഇ.യിലേക്ക് അയച്ചു.
ഈ ബാഗ് പി.ആർ.ഒ. സരിത്ത് സ്കാൻചെയ്തപ്പോൾ അല്പം കുരുമുളകും ഗ്രാമ്പൂവും ബാക്കി മുഴുവൻ വിദേശ കറൻസിയുമായിരുന്നു. ഇത് അഹമ്മദ് എന്ന ഡിപ്ലോമാറ്റിന്റെ കൈയിലേല്പിച്ച് യു.എ.ഇ.യിൽ എത്തിയശേഷം മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യയുടെ പലഭാഗത്തുനിന്നും വിദേശ കറൻസി സംഘടിപ്പിച്ച് അറേബ്യൻ രാജ്യങ്ങളിലെത്തിക്കുകയും അവിടെനിന്ന് സ്വർണം കള്ളക്കടത്തായി ഇന്ത്യയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. കേരള മുഖ്യമന്ത്രിതന്നെ നേരിട്ട് വിദേശ കറൻസി യു.എ.ഇ.യിലെത്തിച്ച് സ്വർണക്കടത്തിന് നേതൃത്വം കൊടുക്കുകയായിരുന്നെന്ന് പി.സി.ജോർജ് ആരോപിച്ചു.
ശിവശങ്കറും സന്ദീപ് നായരും സരിത്തും സ്വപ്നയും ചേർന്ന് എട്ടാമത്തെ പ്രാവശ്യം നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയപ്പോഴാണ് പിടിയിലായത്. 30 കിലോ സ്വർണം ഉണ്ടായിരുന്നു. ഈ സ്വർണം പിടിക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പല പ്രാവശ്യം കോൺസുലേറ്റിലേക്കും സ്വപ്നയെയും വിളിച്ചിട്ടുണ്ട്. തീവ്രവാദ കേസുകൾ അന്വേഷിക്കാൻ ചുമതലപ്പെട്ട എൻ.ഐ.എ. കസ്റ്റംസിനെയും ഇ.ഡി.യെയും സി.ബി.ഐ.യെയും അകറ്റിനിർത്തിക്കൊണ്ട് സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ഉൾപ്പെടെ യു.എ.പി.എ. ചുമത്തി തടങ്കലിലാക്കി. കള്ളക്കടത്തിന് നേതൃത്വം കൊടുത്ത ശിവശങ്കറിന്റെ പേരിൽ കസ്റ്റംസ്, ഇ.ഡി. കേസുകൾ മാത്രമെടുത്തു. കള്ളക്കടത്ത് സ്വർണം ഏഴുപ്രാവശ്യം രഹസ്യമായി സ്വീകരിച്ച സന്ദീപ് നായരെ എൻ.ഐ.എ. മാപ്പുസാക്ഷിയാക്കുകയും ചെയ്തു. സന്ദീപ് നായർക്കെതിരേ ക്രിമിനൽ കേസുകളും കസ്റ്റംസ് കേസുകളും നിലവിലുള്ളപ്പോഴാണ് മാപ്പുസാക്ഷിയാക്കിയതെന്നും ജോർജ് ആരോപിച്ചു.