ഭുവനേശ്വർ: ഒഡീഷയിലെ ആദ്യ ബി.ജെ.പി സർക്കാറിന്റെ സത്യപ്രതിജ്ഞ ജൂൺ 12ന് നടക്കും. നേരത്തെ, 10ന് നടത്താനിരുന്ന സത്യപ്രതിജ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാനായാണ് നീട്ടിയത്.
ജൂൺ 11ന് നടക്കുന്ന ബി.ജെ.പി നിയമസഭ കക്ഷിയോഗത്തിൽ നേതാവിനെ തെരഞ്ഞെടുക്കും. മുതിർന്ന നേതാവ് സുരേഷ് പൂജാരി മുഖ്യമന്ത്രിയാകാനാണ് സാധ്യത. മുൻ എം.പി സുരേഷ് പൂജാരി ഇത്തവണ എം.എൽ.എയുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പൂജാരിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി പ്രചാരണം നടത്തിയിരുന്നത്.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബർഗാഹിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പൂജാരി ഇത്തവണ ബ്രജരാജ്നഗറിൽ നിന്നാണ് വിജയിച്ചത്. 147 അംഗ നിയമസഭയിൽ 78 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്.












